ദില്ലി: ചൈന, പാക് അതിർത്തികളിൽ വൻസൈനിക അഭ്യാസവുമായി ഇന്ത്യ. സെപ്റ്റംബർ നാല് മുതൽ 11 ദിവസത്തെ ‘ത്രിശൂൽ’ മെഗാ അഭ്യാസമാണ് വ്യോമസേന നടത്തുക. 14 ന് അഭ്യാസം അവസാനിക്കും. വ്യോമസേനയുടെ പോരാട്ട ശേഷി പരിശോധിക്കുന്നതിനും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് അഭ്യാസം. അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾക്കും ഹെവി ലിഫ്റ്റ് ചിനൂക്കുകൾക്കുമൊപ്പം റാഫേൽ, സുഖോയ് -30 എംകെഐ, ജാഗ്വാർ, മിറാഷ്-2000, മിഗ്-29, മിഗ്-21 ബൈസൺസ് തുടങ്ങിയ യുദ്ധവിമാനങ്ങളും പങ്കെടുക്കും. മുഴുവൻ പോർ വിമാനങ്ങളും, ആക്രമണ ഹെലികോപ്റ്ററുകളും മിഡ്-എയർ റീഫ്യൂല്ലറുകളും പങ്കെടുക്കും. വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും പങ്കെടുക്കും. ചൈനയുമായി അതിർത്തിയിലെ സംഘർഷം ഇല്ലാതാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഇന്ത്യയുടെ അഭ്യാസമെന്നതും ശ്രദ്ധേയം. സേനയുടെ പോരാട്ട ശേഷി വിലയിരുത്താനും അതിർത്തിയിൽ ഏത് സാഹചര്യവും നേരിടാൻ സൈന്യം തയ്യാറാണെന്നും അറിയിക്കുകയാണ് ലക്ഷ്യം.
സെപ്റ്റംബർ 9 മുതൽ 10 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സൈനിക അഭ്യാസം ആഗോള ശ്രദ്ധയാകർഷിക്കുന്നു. തരംഗ് ശക്തി എന്ന പേരിൽ ഇന്ത്യയിൽ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസം ഒക്ടോബറിൽ നടക്കും. 12 അന്താരാഷ്ട്ര വ്യോമശക്തികൾ അഭ്യാസത്തിൽ പങ്കെടുക്കും. ഒമ്പതിന് നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻറ് ഷീ ജിൻ പിങ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ചതും കടുത്ത എതിർപ്പിന് കാരണമായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ വിഷയത്തിൽ ചൈനക്കെതിരെ രംഗത്തെത്തി. അതിനിടെ ലങ്കന്‍ തുറമുഖത്ത് ചാരക്കപ്പല്‍ അടുപ്പിക്കാനുള്ള നീക്കവുമായി ചൈന രംഗത്തെത്തി.