ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞയായ വളർമതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വളർമതിയുടെ മരണം. ചെന്നൈ ആശുപത്രിയിലായിരുന്നു അന്ത്യം .രാജ്യത്തിന്റെ അഭിമാനമായ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യിലായിരുന്നു വളർമതി അവസാനമായി കൗണ്ട്‌ഡൗൺ പറഞ്ഞത്. 2015ൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ പേരിൽ ആദ്യമായി ഏർപ്പെടുത്തിയ പുരസ്‌കാരവും വളർമതിക്ക് ലഭിച്ചിട്ടുണ്ട്.1959ൽ തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ ജനിച്ച വളർമതി 1984ലാണ് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞയായി ചേർന്നത്.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ചന്ദ്രയാൻ-3 യുടെ വിക്ഷേപണം. ഓഗസ്റ്റ് 23 ന്, വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടുന്ന ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചു, ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.