ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് 160 യാത്രക്കാരെ വഹിച്ച് പുതിയ അതിവേഗ ഫെറി അടുത്തിടെ ട്രയൽ റൺ പൂർത്തിയാക്കി. വെറും ഏഴ് മണിക്കൂറിനുള്ളിലാണ് ‘പരളി’ എന്ന് പേരിട്ടിരിക്കുന്ന ഈ അതിവേഗ ഫെറി ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെത്തിയത്. നേരത്തെ ഇതേ പാതയിൽ യാത്ര പൂർത്തിയാക്കാൻ 13 മണിക്കൂർ വേണ്ടി വന്നിരുന്നു. എന്നാൽ പുതിയ ഫെറി വന്നതോടെ യാത്രാസമയം പകുതിയോളമായി ചുരുങ്ങി.
ഏതാനും ട്രയൽ റണ്ണുകൾക്ക് ശേഷം മംഗലാപുരം-ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനർ സർവീസ് ആരംഭിക്കാനാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഐലന്റ് ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റി പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ മൺസൂൺ ആരംഭിച്ചു കഴിഞ്ഞാൽ കടൽ പ്രക്ഷുബ്ധമാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പദ്ധതിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലക്ഷദ്വീപിൽ ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ഹെൽത്ത് ടൂറിസം എന്നിവ വികസിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ ഫെറി സർവീസ്. സഞ്ചാരികളുടെ സ്വപ്ന പറുദീസയായ ലക്ഷദ്വീപ് സാഹസികത ഇഷ്ടപെടുന്നവർക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇന്ത്യയിൽ വളരെക്കുറച്ചു മാത്രം എക്‌സ്‌പ്ലോർ ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്. ഇന്ത്യൻ -അറബ് സംസ്കാരത്തിൻ്റെ ഒരു മിശ്രിതമാണ് ദ്വീപിൽ പ്രധാനമായും കാണാൻ കഴിയുക. ആഹാരരീതികളിലും വാസ്തുവിദ്യയിലും, ജീവിതരീതികളിലുമൊക്കെ ഇത് പ്രകടമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷമാണ് ലക്ഷദ്വീപുമായുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂടിയത്. 1783 മുതൽ കർണാടകയും ലക്ഷദ്വീപും തമ്മിൽ ചരിത്രപരമായ ബന്ധം നിലനിൽക്കുന്നുണ്ട്. 2010ലാണ് ആദ്യത്തെ പാസഞ്ചർ കപ്പൽ, ‘M.V. അമിനിദേവി ‘150 വിനോദസഞ്ചാരികളുമായി ലക്ഷദ്വീപിലെ കഡ്മട്ട് ദ്വീപിലേക്ക് യാത്ര ആരംഭിച്ചത്. ഇത് ടൂറിസത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി പ്രത്യേകിച്ച് കർണാടകയ്ക്ക് ഗുണം ചെയ്തു. ബാംഗ്ലൂർ, മൈസൂർ, പനാജി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ലക്ഷദ്വീപിലേക്കുള്ള യാത്ര എളുപ്പമായി.
ബംഗളൂരുവിൽ നിന്ന് കൂടുതൽ ആളുകൾ യാത്രയിൽ താല്പര്യം പ്രകടിപ്പിക്കുന്നുവെന്നും കൂടുതൽ അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്നും കർണാടകയിലെ എൽഐടിഡിഎ കോർഡിനേറ്റർമാർ പറയുന്നു.
വിനോദസഞ്ചാരികൾക്ക് ഒരാൾക്ക് 5000 രൂപ എന്ന നിരക്കിൽ 14 മണിക്കൂറിനുള്ളിൽ ഈ കപ്പലിൽ ലക്ഷദ്വീപിലേക്കു യാത്ര ചെയ്യാം. മുൻപ് ടിപ്പു സുൽത്താൻ എന്ന ചരക്ക് കപ്പൽ മാത്രമേ ഈ പാതയിൽ പ്രവർത്തിച്ചിരുന്നുള്ളൂ. മുംബൈ, അഹമ്മദാബാദ്, ബറോഡ, എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും മംഗളൂരുവിൽ നിന്നാണ് സീറ്റുകൾ ബുക്ക് ചെയ്യാറുള്ളത്.