ഗാസിയാബാദ്: കടുത്ത ചൂടിൽ പൊട്ടിത്തെറിട്ട് എസി യൂണിറ്റ്. ഗാസിയാബാദിൽ ഹൌസിംഗ് സൊസൈറ്റിയിൽ അഗ്നിബാധ. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സെക്ടർ 1ലാണ് സംഭവമുണ്ടായത്. കടുത്ത ചൂടിൽ മണിക്കൂറുകളോളം എസി പ്രവർത്തിച്ചിരുന്നതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. പുലർച്ചെ 5.30ഓടെയാണ് സഹായം തേടി വീട്ടുകാർ ഫയർ ഫോഴ്സിനെ വിളിക്കുന്നത്. കെട്ടിട സമുച്ചയത്തിന്റ ഒന്നാം നിലയിലുണ്ടായിരുന്ന എസി യുണിറ്റാണ് പൊട്ടിത്തെറിച്ചത്.
ഇതിൽ നിന്നും പടർന്ന് തീ വളരെ പെട്ടന്ന് തന്നെ രണ്ടാം നിലയിലേക്കും എത്തുകയായിരുന്നു. വീട്ടുകാരും അയൽക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെയാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. കെട്ടിടത്തിലേക്കുള്ള പാചക വാതക ഗ്യാസ് ബന്ധം അടക്കം വിച്ഛേദിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം നടന്നത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ പ്രവർത്തകരെത്തി ഏറെ നേരം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിബാധയിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വീട്ടിലെ പല ഉപകരണങ്ങളും ഉരുകി നശിച്ചിട്ടുണ്ട്. മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസിയാബാദ് സംഭവത്തിൽ ആളപായമില്ല. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുകയാണ്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ദില്ലി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് ഓറഞ്ച് അലെർട്ട് മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ചൂട് 40 ഡിഗ്രിയിലും കൂടുതലായി തുടരുകയാണ്.