പട്ന: ബിഹാറിലെ അരാരിയയിൽ 12 കോടി ചെലവിൽ നിര്‍മിച്ച പാലത്തിന്റെ ഒരു ഭാഗം തകർന്നു. ബക്ര നദിക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പേ തകർന്നത്. ബിഹാറില്‍ ഒരു വർഷത്തിനിടെ തകരുന്ന രണ്ടാമത്തെ പാലമാണിത്.
നദിക്ക് കുറുകെയുള്ള പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതിന്റെയും നിമിഷങ്ങൾക്കുള്ളിൽ തകരുന്നതിന്റെയും ദൃശ്യങ്ങൾ മാധ്യമങ്ങൾ പങ്കുവച്ചു. തകർന്ന ഭാഗം നിമിഷങ്ങൾക്കകം നദിയിലൂടെ ഒലിച്ചുപോയി.
ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം അപകടകരമായ സാഹചര്യത്തിൽ തകർന്ന പാലത്തിന് സമീപം നിൽക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.