ഡൽഹി: നീറ്റ് യുജി കേസിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. മെയ് അഞ്ചിന് നടന്ന മെഡിക്കൽ പ്രവേശന പരീക്ഷകളിൽ ‘കൂട്ടക്രമക്കേട്’ നടന്നിട്ടില്ലെന്നാണ് സർക്കാറിന്റെ സത്യവാങ്മൂലം. ജൂലൈ എട്ടിന് കേസ് പരിഗണിക്കവെ, പരീക്ഷാ പേപ്പർ ചോർന്നതടക്കമുള്ള വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടും നാഷണൽ ടെസ്റ്റ് ഏജൻസിയോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നീറ്റ് – യുജി പരീക്ഷയിൽ ഐഐടി മദ്രാസിന്റെ പഠന റിപ്പോർട്ടാണ് സത്യവാങ്മൂലത്തിനൊപ്പം കേന്ദ്രം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷയിൽ ദുരുപയോഗം നടന്നതിന്റെയോ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ചതിന്റെയോ സൂചനയില്ലെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. മാർക്ക് നൽകുന്നതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിന്റെ ആദ്യ നാല് ഘട്ടങ്ങൾ ജൂലൈ മൂന്നാമത്തെ ആഴ്ച ആരംഭിക്കുമെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഒരു പരീക്ഷാർത്ഥി ക്രമക്കേട് കാണിച്ചതിനായി കണ്ടെത്തിയാൽ കൗൺസിലിംഗ് പ്രക്രിയയിലോ അതിനുശേഷമോ ഉള്ള ഘട്ടങ്ങളിൽ പ്രവേശനം റദ്ദാക്കപ്പെടുമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
മെഡിക്കൽ പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന പരാതികളിൽ വാദം കേൾക്കുകയാണ് സുപ്രീം കോടതി. പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർദിയും ഇതിൽ ഉൾപ്പെടും. പരീക്ഷാ പേപ്പർ ചോർന്നുവെന്നത് അംഗീകരിച്ച യാഥാർത്ഥ്യമാണ്. എന്നാൽ പുനഃപരീക്ഷ നടത്തുന്നതിൽ തീരുമാനമെടുക്കും മുമ്പ് ക്രമക്കേടിന്റെ വ്യാപ്തി അറിയണമെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡ‍് ജൂലൈ എട്ടിന് നടന്ന വാദത്തിൽ നിരീക്ഷിച്ചത്. 23 ലക്ഷം കുട്ടികളുടെ ഭാവിയാണ് കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ട് സംഭവിച്ച ക്രമക്കേടിന്റെ ആഴമറിയണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ.