കൊല്‍ക്കത്ത: കനത്ത മഴയെത്തുടർന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേ വെള്ളത്തിനടിയിലായി. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്നും മഴ തുടരുകയാണ്. കൊൽക്കത്ത വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന വിമാനത്തിൻ്റെ പകുതി ടയറുകളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇതിൻ്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുന്നു. കൊൽക്കത്ത, ഹൗറ, സോള്‍ട്ട്ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിൽ മഴ കാരണം വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച മുഴുവൻ ഇവിടങ്ങളിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്ക് പുറമെ ഇടിയും മിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഹൗറ, പാസിം ബാർഡ്മാൻ, ബിർഭും, പുർബ ബർധമാൻ, ഹൂഗ്ലി, നാദിയ, നോർത്ത്, സൗത്ത് 24 പർഗാനാസ് ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ അടുത്ത 12 മണിക്കൂറും മഴ തുടരും. ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.