തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ പിജി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളിലെ പ്രവർത്തനങ്ങളും ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. കരിദിനാചരണത്തിൻ്റെ ഭാഗമായി പിജി ഡോക്ടർമാർ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നു. അത്യാഹിത വിഭാഗം, അടിയന്തിര ശസ്ത്രക്രിയകള്‍ ഒഴികെയുള്ള ആശുപത്രി സേവനങ്ങളാണ് യുവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുന്നത്. പിജി ഡോക്ടർമാരെ കൂടാതെ മുതിർന്ന ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരും സർവീസ് ബഹിഷ്‌കരിച്ച് സമരം നടത്തിയിട്ടുണ്ട്. സർക്കാർ ഡോക്ടർമാരുടെ ദേശീയ സംഘടനയുടെ ആഹ്വാനപ്രകാരം കേരളത്തിലെ സർക്കാർ ഡോക്ടർമാരും ഇന്ന് കരിദിനം ആചരിക്കുന്നു. ഈ മാസം 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിന്‍ നടത്തുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.