മണാലി ശിശിര കാലത്തേക്ക് കടന്നിരിക്കുന്നു. വരണ്ട കുന്നുകളും താഴ്വാരകളും മഞ്ഞിന്‍റെ ശുഭ്രകാന്തിയിലാണ്. മണാലി മാത്രമല്ല, ഹിമാചല്‍പ്രദേശിലും കശ്മീരിലും മഞ്ഞുവീഴ്ച ശക്തമായി. ഒപ്പം സഞ്ചാരികളും ഏറി വരുന്നു. പക്ഷേ, ചില അപടങ്ങൾ പതിയിരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വീഡിയോകള്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും വാഹനം ഓടിക്കുമ്പോള്‍ തന്നെ. റോഡ് മൂടിക്കിടക്കുന്ന മഞ്ഞിലൂടെയുള്ള വാഹന യാത്ര ഏറെ അപകടം നിറഞ്ഞതാണ്. മഞ്ഞില്‍ ടയറുകള്‍ തെന്നിപ്പോകാമെന്നത് തന്നെ കാരണം. കഴിഞ്ഞ ദിവസം മണാലിയിലെ ഒരു വാഹന യാത്ര പകര്‍ത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏതാണ്ട്, മൂന്ന് കോടിയോളം പേരാണ് സോലാങ് വാലിയില്‍ നിന്നുള്ള ആ വാഹന യാത്രയുടെ വീഡിയോ കണ്ടത്.
“സാഹചര്യങ്ങൾ വളരെ കഠിനവും അനിയന്ത്രിതവുമാണ്” എന്ന കുറിപ്പോടെ ഹംസ മുർതാസ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2024 ഡിസംബർ 9-ാം തീയതിയിലേതാണെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. വീഡിയോയുടെ തുടക്കത്തിൽ, ഒരു വളവും ഇറക്കവുമുള്ള സ്ഥലത്ത് റോഡ് മഞ്ഞിൽ മൂടിയിരിക്കുന്നതായി കാണാം. റോഡിൽ കുറച്ച് ആളുകൾ നിൽക്കുമ്പോൾ, ഒരു എസ്യുവി താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നു. എന്നാൽ, ഡ്രൈവർ ബ്രേക്കിൽ കാൽ അമർത്തിയതിനാൽ, വാഹനം മഞ്ഞിൽ തെന്നി നീങ്ങുകയാണ്. ആളുകൾ ബ്രേക്കിൽ നിന്നും കാലെടുക്കാൻ ഡ്രൈവറെ വിളിച്ചുവരുത്തുമ്പോഴും, അദ്ദേഹം അത് ശ്രദ്ധിക്കുന്നില്ല.