പല്ലെക്കെലെ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ഇന്ത്യയുടെ വിരാട് കോലിയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. അങ്ങനെയാണ് വിരാടിന് കിംഗ് എന്ന പേര് വീണത്. മൂന്ന് ഫോര്‍മാറ്റിലുമുള്ള ബാറ്റിംഗ് മികവ് കോലിയെ സമാനതകളില്ലാത്ത താരമാക്കുന്നു. കോലിക്കൊപ്പം കളിത്തൂക്കമുള്ള ഒരു ബൗളറും നിലവില്‍ ഇല്ലതാനും. അതിനാല്‍ അജയ്യനായി വിലസുകയാണ് വിരാട്. അങ്ങനെയുള്ള വിരാട് കോലിക്ക് ഏറ്റവും പ്രിയപ്പെട്ട സമകാലിക ക്രിക്കറ്റര്‍ ഒരു ഇംഗ്ലീഷ് താരമാണ്. സഹതാരവും നായകനുമായ രോഹിത് ശര്‍മ്മയെ വരെ പിന്തള്ളിയാണ് ഈ താരത്തിന്‍റെ പേര് വിരാട് പറയുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പേരും വിരാട് കോലി പറഞ്ഞില്ല.
ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും വലിയ മാച്ച് വിന്നര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയാണ് ഇപ്പോഴത്തെ ഏറ്റവും ഫേവറൈറ്റ് ക്രിക്കറ്ററായി വിരാട് കോലി വിശേഷിപ്പിക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യ- നേപ്പാള്‍ ഗ്രൂപ്പ് മത്സരത്തിനിടെ ടെലിവിഷന്‍ സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്‌സിനോടാണ് കിംഗിന്‍റെ വാക്കുകള്‍. ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമിനായി പുറത്തെടുത്ത ഹീറോയിസങ്ങള്‍ കൊണ്ട് ശ്രദ്ധേയനാണ്.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സ്. മുപ്പത്തിരണ്ടുകാരനായ താരം നിലവില്‍ ടീമിന്‍റെ ടെസ്റ്റ് നായകസ്ഥാനവും വഹിക്കുന്നു. ഇംഗ്ലണ്ടിനായി 97 ടെസ്റ്റില്‍ 6117 റണ്‍സും 197 വിക്കറ്റും 105 ഏകദിനങ്ങളില്‍ 2924 റണ്‍സും 74 വിക്കറ്റും 43 രാജ്യാന്തര ട്വന്‍റി 20കളില്‍ 585 റണ്‍സും 26 വിക്കറ്റും സ്റ്റോക്‌സിനുണ്ട്. കുറച്ച് മത്സരങ്ങളാണ് കളിച്ചതെങ്കിലും ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് സ്റ്റോക്‌സിന്. 45 കളികളില്‍ 935 റണ്‍സും 28 വിക്കറ്റും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 16 ഉം ഐപിഎല്ലില്‍ രണ്ടും സെഞ്ചുറികള്‍ സ്വന്തം. ഇംഗ്ലണ്ടിന്‍റെ ഏകദിന, ട്വന്‍റി 20 ലോകകപ്പ് കിരീടങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി. 2019 ആഷസില്‍ ഹെഡിംഗ്‌ലെയില്‍ 219 പന്തില്‍ പുറത്താവാതെ നേടിയ 135* റണ്‍സ് എക്കാലത്തേയും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സുകളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. അവസാന വിക്കറ്റില്‍ ജാക്ക് ലീച്ചിനൊപ്പം ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്‍റെ ഐതിഹാസിക ജയം അന്ന് സമ്മാനിച്ചത്.