ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 207 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെയും രജത് പാടീദാറുടെയും അര്‍ധസെഞ്ചുരി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. 43 പന്തില്‍ 51 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറർ. രജത് പാടീദാര്‍ 20 പന്തില്‍ 50 റണ്‍സെടുത്തു. ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടി നടരാജന്‍ രണ്ട് വിക്കറ്റെടുത്തു.
തകര്‍പ്പന്‍ തുടക്കം, പാടീദാറിന്‍റെ മിന്നല്‍ ഫിഫ്റ്റി; കോലിയുടെ ടെസ്റ്റ് കളി
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ആര്‍സിബിക്ക് ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും വിരാട് കോലിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. നാലോവറില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സെടുത്തു. നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഫാഫ് ഡൂപ്പെലസിയെ(12 പന്തില്‍ 25) മടക്കി നടരാജനാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ വില്‍ ജാക്സിനൊപ്പം കോലി ആര്‍സിബിയെ ആറോവറില്‍ 61 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേ കഴിയുമ്പോള്‍ 200 സ്ട്രൈക്ക് റേറ്റിൽ 16 പന്തില്‍ 22 റണ്‍സടിച്ച കോലിക്ക് പിന്നീട് തകര്‍ത്തടിക്കാനായില്ല. ഏഴാം ഓവറില്‍ മായങ്ക് മാര്‍ക്കണ്ഡെ വില്‍ ജാക്സിനെ(6) ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ക്രീസിലെത്തിയ രജത് പാടീദാറാണ് ആര്‍സിബിയെ പിന്നീട് മുന്നോട്ട് നയിച്ചത്.
മാര്‍ക്കണ്ഡെ എറിഞ്ഞ പതിനൊന്നാം ഓവറില്‍ നാല് സിക്സ് അടക്കം 27 റണ്‍സടിച്ച പാടീദാര്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ ജയദേവ് ഉനദ്ഘ്ട്ടിന്‍റെ പന്തില്‍ അബ്ദുള്‍ സമദിന് ക്യാച്ച് നല്‍കി പാടീദാര്‍ മടങ്ങിയതോടെ ആര്‍സിബി കിതച്ചു. ബൗണ്ടറി കണ്ടെത്താന്‍ പാടുപെട്ട കോലി സിംഗിളുകളെടുക്കാനെ കഴിഞ്ഞുള്ളു. പവര്‍ പ്ലേക്ക് ശേഷം കോലിയുടെ ബാറ്റില്‍ നിന്ന് ഒറ്റ ബൗണ്ടറി പോലും പിറന്നില്ല. 16 പന്തില്‍ 32 റണ്‍സെടുത്ത കോലി 37 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. പവര്‍ പ്ലേക്ക് ശേഷം നേരിട്ട 19 പന്തില്‍ കോലി നേടിയത് 18 റണ്‍സായിരുന്നു.
ഒരു ബൗണ്ടറി പോലും നേടാന്‍ കോലിക്കായതുമില്ല. അര്‍ധസെഞ്ചുറി തികച്ചശേഷവും തകര്‍ത്തടിക്കാനാവാതിരുന്ന കോലി 43 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായി. നാലു ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. കോലിയുടെ മെല്ലെപ്പോക്ക് ആര്‍സിബി സ്കോറിംഗിനെയും ബാധിച്ചു.11 ഓവറില്‍ 121 റണ്‍സിലെത്തിയ ആര്‍സിബിക്ക് പിന്നീടുള്ള നാലോവറില്‍ ഒറ്റ ബൗണ്ടറി പോലും നേടാനാവാതിരുന്നതോട 15 ഓവറില്‍ 142 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. അവസാന അഞ്ചോവറില്‍ കാമറൂണ്‍ ഗ്രീനും(20 പന്തില്‍ 37*) ദിനേശ് കാര്‍ത്തിക്കും(6 പന്തില്‍ 11), സ്വപ്നില്‍ സിംഗും(6 പന്തില്‍ 12*) ചേര്‍ന്നാണ് ആര്‍സിബിയെ 206 റണ്‍സിലെത്തിച്ചത്. ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് നാലോവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടി നടരാജന്‍ 39 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.