ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി 7.30നാണ് മത്സരം. 6 പോയിന്റുമായി ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജീവന്‍ മരണ പോരാട്ടം. സീസണില്‍ ഇതുവരെ മൂന്ന് ജയങ്ങള്‍ മാത്രമാണ് സ്വന്തമാക്കിയതെങ്കിലും മിക്ക മത്സരങ്ങളും തോറ്റത് പടിവാതില്‍ക്കല്‍. ഡല്‍ഹിക്കെതിരായ അവസാന മത്സരത്തില്‍ 258 റണ്‍സ് പിന്തുടര്‍ന്ന് വെറും 10 റണ്‍സ് അകലെ വീണു.
മുംബൈ താരങ്ങളുടെ സ്ഥിരത ഇല്ലായ്മയും ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വവുമാണ് ടീമിന് തിരിച്ചടിയാകുന്നത്. ഈ സീസണില്‍ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത് മുംബൈയിലെ രണ്ട് താരങ്ങള്‍ക്ക് മാത്രം. തിലക് വര്‍മയും രോഹിത് ശര്‍മയും. ഇഷാന്‍ കിഷന്‍ ഓപണിംഗില്‍ മികച്ച തുടക്കം നല്‍കുന്നില്ല. സൂര്യകുമാറിന്റെ ഇന്നിംഗ്‌സ് പെട്ടെന്ന് അവസാനിക്കുന്നു. ടിം ഡേവിഡും ഹാര്‍ദിക് പാണ്ഡ്യയും ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ബാറ്റിംഗ് മികവ് പുറത്തെടുത്തെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.
ബൗളിംഗിലും മുംബൈ അന്‌പേ പരാജയമാകുന്നു. വിക്കറ്റ് വേട്ടക്കാരില്‍ ബുംറയും ജെറാള്‍ഡ് കോട്‌സേയും മുന്നിലുണ്ടെങ്കിലും എതിരാളികളെ പിടിച്ചുകെട്ടാനാകുന്നില്ല. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര അടക്കം അടി വാങ്ങി കൂട്ടി. രണ്ട് ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ വിട്ടുകൊടുത്തത് 41 റണ്‍സ്. 10 പോയിന്റുള്ള ലഖ്‌നൗ ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. ലഖ്‌നൗവിന്റെ ബാറ്റിംഗ് നിരയെ മുംബൈ പേടിക്കണം. മാര്‍ക്കസ് സ്റ്റോയിനിസും ക്വിന്റണ്‍ ഡികോക്കും നിക്കോളാസ് പുരാനും ഫോം കണ്ടെത്തിയാല്‍ സ്‌കോര്‍ ഉയരും.
എന്നാല്‍ സീസണില്‍ ഇതുവരെ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ ലഖ്‌നൗവിന് ആയിട്ടില്ല. രാജസ്ഥാനോ കളിച്ച അവസാന മത്സരത്തില്‍ തോറ്റെങ്കിലും കെ എല്‍ രാഹുലും ദീപക് ഹൂഡയും ബാറ്റിംഗ് മികവ് പുറത്തെടുത്തു. രവി ബിഷ്‌ണോയും അമിത് മിശ്രയും നയിക്കുന്ന സ്പിന്‍ കെണിയിലാണ് ബൗളിംഗ് പ്രതീക്ഷ. മായങ്ക് യാദവിന് പരിക്കേറ്റത് പേസ് ബൗളിംഗില്‍ ലക്‌നൗവിന് തിരിച്ചടിയായി. താരം ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തിയേക്കാം. ഐപിഎല്ലില്‍ മുംബൈയും ലഖ്‌നൗവും ഇതുവരെ നാല് മത്സരങ്ങളിലാണ് ഏറ്റമുട്ടിയത്. ഇതില്‍ മൂന്ന് തവണയും ജയം ലഖ്‌നൗവിനൊപ്പം.