ലോർഡ്‌സ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പന്തെറിയുന്നതാണ് ഏറ്റവും പ്രയാസകരമെന്ന് ജെയിംസ് ആൻഡേഴ്സൺ. വെസ്റ്റ്ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്ന ഇംഗ്ലീഷ് ഇതിഹാസം, സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റര്‍ സച്ചിനാണെന്ന് പറഞ്ഞത്.
സച്ചിനെതിരെ പ്രത്യേകിച്ചൊരു ഗെയിം പ്ലാൻ ഉണ്ടാക്കിയതായി ഓർമയില്ല. സച്ചിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഒരിക്കലും മോശം പന്തെറിയരുതെന്ന് താൻ ചിന്തിക്കും. അത്തരത്തിലുള്ളൊരു കളിക്കാരനാണ് സച്ചിൻ. ഇന്ത്യക്കും സച്ചിൻ വളരെ പ്രധാനപ്പെട്ട ആളാണ്. സച്ചിനെ ഔട്ടാക്കിയാൽ സ്റ്റേഡിയത്തിന്റെ മൂഡ് തന്നെ മാറും. അത്രയും പ്രാധാന്യമേറിയ വിക്കറ്റാണ് സച്ചിന്റേതെന്നും ആൻഡേഴ്സൺ പറഞ്ഞു.
നിങ്ങൾ സച്ചിനെതിരെ ഓഫ് സ്റ്റമ്പിന് മുകളിലായി നിരന്തരം പന്തെറിയുക. നിരന്തരമായി പന്തെറിയുമ്പോൾ സച്ചിന് ഒരെണ്ണമെങ്കിലും മിസാവും. മാസ്റ്റർ ബ്ലാസ്റ്ററെ എൽബിഡബ്യുവിൽ കുടുക്കാനാണ് താൻ ശ്രമിക്കാറുള്ളത്. തനിക്ക് സച്ചിനെതിരെ ചില വിജയങ്ങളുണ്ടായിട്ടുണ്ട്. സച്ചിനും അങ്ങനെ തന്നെയാണെന്ന് ആൻഡേഴ്സൺ പറഞ്ഞു.39 ടെസ്റ്റുകളിലാണ് ഇന്ത്യക്കെതിരെ ആൻഡേഴ്സൺ കളിച്ചത്. 149 വിക്കറ്റുകളാണ് ഇംഗ്ലീഷ് പേസർ നേടിയത്. ടെസ്റ്റ് കരിയറിൽ ഒമ്പത് തവണ സച്ചിനെ ആൻഡേഴ്സൺ പുറത്താക്കിയിട്ടുണ്ട്.