ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫിയില്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കാനുള്ള കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ആന്ധ്രയോട് കേരളം കനത്ത തോല്‍വി നേരിട്ടു. മറ്റൊരു മത്സരത്തില്‍ മുംബൈ സര്‍വീസസിനെതിരെ നേടിയ വിജയത്തോടെ, ഗ്രൂപ്പ് ഇയുടെ പോയിന്റ് പട്ടികയില്‍ നെറ്റ് റണ്‍റേറ്റില്‍ കേരളത്തെ മറികടന്ന് മുംബൈ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
നാളെ നടക്കുന്ന മുംബൈ-ആന്ധ്ര മത്സരത്തിലൂടെ ഗ്രൂപ്പ് ഇയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമിനെ കുറിച്ചുള്ള തീരുമാനമുണ്ടാകും. 20 പോയിന്റും +3.006 നെറ്റ് റണ്‍റേറ്റും ഉള്ള ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുമ്പോള്‍ കേരളവും മുംബൈയും 16 പോയിന്റ് വീതം കൈവശം വയ്ക്കുന്നു. നെറ്റ് റണ്‍റേറ്റില്‍ കേരളത്തെക്കാള്‍ (+1.018) മുംബൈയ്ക്ക് (+1.330) ചെറിയ മുന്നേറ്റം ലഭിച്ചിട്ടുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ ആന്ധ്രയോട് കനത്ത തോല്‍വി നേരിടാതിരുന്നാല്‍ മുംബൈക്ക് ക്വാര്‍ട്ടറില്‍ പ്രവേശിക്കാനുള്ള അവസരം ലഭിക്കും
ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തിരിച്ചെത്തിയതോടെ, കൂടുതൽ ശക്തമായ മുംബൈ നാളെ ആന്ധ്രക്കെതിരെ വലിയ തോൽവിയിലേക്കു പോകാനുള്ള സാധ്യത കുറവാണ്. ആദ്യ മത്സരത്തിൽ സർവീസസിനെ തോൽപ്പിച്ച കേരളം, മഹാരാഷ്ട്രയോട് തോറ്റിരുന്നു. പിന്നീട് നാഗാലാൻഡിനും ഗോവയ്ക്കുമെതിരെ വിജയിച്ച് ക്വാർട്ടർ പ്രതീക്ഷകൾ ഉണർത്തിയെങ്കിലും, ഇന്നലെ ആന്ധ്രക്കെതിരെ ഉണ്ടായ തോൽവി തിരിച്ചടിയായി..