സെന്‍റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ താരം ഗുകേഷ്. 14-ാമത്തെ മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച്, ചാമ്പ്യനാകാൻ ആവശ്യമായ ഏഴര പോയിന്റിലേക്ക് എത്തി ഗുകേഷ് വിജയിച്ചിരിക്കുകയാണ്. ഇതോടെ, ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട വിജയിയായി ഗുകേഷ് ചരിത്രം കുറിച്ചിരിക്കുകയാണ്. 18-ാം വയസ്സിൽ 18-ാമത്തെ ലോക ചെസ് കിരീടം നേടുന്ന കൗതുകവും ഈ വിജയത്തോടൊപ്പം ഉണ്ട്. അവസാന മത്സരത്തിൽ ഡിംഗ് ലിറനെ ഞെട്ടിച്ച ഗുകേഷിന്റെ ക്ലാസിക്കൽ മത്സര വിജയം ശ്രദ്ധേയമാണ്. ആനന്ദിനു ശേഷം, ഗുകേഷ് ആദ്യമായി വിശ്വവിജയിയായ ഇന്ത്യക്കാരനാണ്.
13 റൗണ്ട് പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയിൻ്റ് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. കളി സമനിലയിൽ കലാശിച്ചാൽ വെള്ളിയാഴ്ച ടൈബ്രേക്കറിൽ വിജയിയെ നിർണയിക്കണം. എന്നാൽ അവസാന ഗെയിമിൽ തന്നെ ഗുകേഷ് അദ്വിതീയ വിജയം നേടി. കഴിഞ്ഞ മത്സരത്തിന് മുമ്പ് രണ്ട് താരങ്ങളും രണ്ട് ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു. ബാക്കിയുള്ള 9 കളികൾ സമനിലയിൽ അവസാനിച്ചു.
ഇന്നലത്തെ മത്സരത്തിൽ 69 നീക്കങ്ങൾക്ക് ശേഷമാണ് ഗുകേഷിനെ ഡിംഗ് ലിറൻ സമനിലയിൽ തളച്ചത്. വെള്ളക്കരുക്കളുമായി കളിച്ച ഡി ഗുകേഷ് വിജയത്തിന് അടുത്തെത്തിയ ശേഷമാണ് സമനില വഴങ്ങിയത്. ചാമ്പ്യൻഷിപ്പില്‍ വെള്ളക്കരുക്കളുമായി ഗുകേഷിന്‍റെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്. ഗുകേഷിന്‍റെ 31-ാം നീക്കത്തോടെ തന്‍റെ പ്രതീക്ഷകള്‍ നഷ്ടമായിരുന്നുവെന്ന് മത്സരശേഷം ഡിംഗ് ലിറന്‍ ഇന്നലെ പറഞ്ഞിരുന്നു. ആ നീക്കം കണ്ടപ്പോള്‍ ഞാന്‍ കളി കൈവിട്ടതായിരുന്നു. തിരിച്ചുവരനിന് യാതൊരു സാധ്യതയുമില്ലെന്ന് കരുതി. പക്ഷെ അവസാനം എനിക്ക് സമനില നേടാന്‍ കഴിഞ്ഞത് ആശ്വാസമായി എന്നും മത്സരശേഷം ലിറന്‍ പറഞ്ഞിരുന്നു. നിലവിൽ റാങ്കിംഗിൽ ഗുകേഷ് അഞ്ചും ലിറെൻ ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ്.