റിലയൻസിന്റെ ജിയോ എയർഫൈബർ ഗണേശ ചതുർത്ഥി ദിനമായ സെപ്തംബർ 19ന് ലോഞ്ച് ചെയ്യുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 46-ാമത് എജിഎമ്മിൽ വെച്ചാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. ജിയോയുടെ 5ജി സേവനങ്ങൾ 2023 ഡിസംബറോടെ രാജ്യം മുഴുവൻ അൾട്രാ-ഹൈ-സ്പീഡ് നെറ്റ്‌വർക്കിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അംബാനി പറഞ്ഞു.
ഫൈബര്‍ നെറ്റ്വര്‍ക്ക് ഇല്ലാതെ ഫൈബര്‍ നെറ്റ്വര്‍ക്കിന്‍റെ സ്പീഡ് വയര്‍ലെസായി നല്‍കുന്ന സംവിധാനമാണ് ജിയോയുടെ എയര്‍ ഫൈബര്‍ സംവിധാനം. എയര്‍ടെല്ലും എക്സ്ട്രീം എയര്‍ ഫൈബര്‍ എന്ന പേരില്‍ ഇത് അവതരിപ്പിക്കുന്നുണ്ട്. 1Gbps സ്പീഡാണ് റിലയന്‍ ജിയോ എയര്‍ ഫൈബര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന്‍റെ പ്ലാന്‍ വിവരങ്ങള്‍ സെപ്തംബര്‍ 19ന് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ. അതേ സമയം ജിയോയുടെ ഉപഭോക്തൃ അടിത്തറ 450 ദശലക്ഷം കവിഞ്ഞതായും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. അതിന്റെ 5ജി നെറ്റ്‌വർക്ക് 96 ശതമാനം നഗരങ്ങളെയും ഉൾക്കൊള്ളുന്നു. ഡിസംബറോടെ രാജ്യം മുഴുവൻ 5ജി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ജിയോയുടെ മൊത്തത്തിലുള്ള ഉപഭോക്താക്കൾ ഇപ്പോൾ 450 ദശലക്ഷം വരിക്കാരോളം ആയിരിക്കുകയാണ്. ഇത് പ്രതിവർഷമുണ്ടാകുന്ന 20 ശതമാനത്തിലധികം വരുമാന വളർച്ചയെ കാണിക്കുന്നു. ജിയോ നെറ്റ്‌വർക്കിലെ ഓരോ ഉപയോക്താവിന്റെയും ഡാറ്റ ഉപഭോഗം വർദ്ധിച്ചു, ശരാശരി ഉപയോക്താവ് ഇപ്പോൾ ഓരോ മാസവും 25 ജിബിയിൽ കൂടുതൽ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയെ ഒരു പ്രീമിയർ ഡിജിറ്റൽ സൊസൈറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഏഴ് വർഷം മുമ്പ് ജിയോ ആരംഭിച്ചതെന്നും അംബാനി പറഞ്ഞു,
6ജി ശേഷി വികസിപ്പിക്കുന്നതിൽ ജിയോ പ്ലാറ്റ്‌ഫോമുകൾ ആഗോള തലത്തിലേക്ക് മാറാൻ ഒരുങ്ങുകയാണെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നു. അടുത്ത ജനറേഷൻ നെറ്റ്‌വർക്ക് വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയായി ജിയോ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കമ്പനിയുടെ 46-ാമത് വാർഷിക പൊതുയോഗത്തിലാണ് (എജിഎം) പുതിയ പ്രഖ്യാപനം നടത്തിയത്.
ടെലികോം ഓപ്പറേറ്റർ എന്ന നിലയിൽ നിന്ന് ജിയോ പ്ലാറ്റ്‌ഫോമുകൾ ഒരു സാങ്കേതിക കമ്പനിയായി മാറിയെന്ന് അംബാനി പറഞ്ഞു. നവീകരണത്തിൽ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ശ്രദ്ധ ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്നും ഷെയർഹോൾഡർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കമ്പനി തങ്ങളുടെ “മെയ്ഡ്-ഇൻ-ഇന്ത്യ” ടെക്‌നോളജി സ്റ്റാക്ക് അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കുന്നതിലും അതുവഴി ആഗോള സാങ്കേതിക നേതാവായി സ്വയം നിലകൊള്ളുന്നതിലും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.