കയ്യിലുള്ള ഫോണ്‍ സാംസങ് ഗാലക്‌സി എസ് സീരിസാണോ?. ഇടക്കിടക്ക് ഗ്രീന്‍ ലൈന്‍ പ്രശ്‌നമുണ്ടാകാറുണ്ടോ?. എന്നാല്‍ അതിന് പരിഹാരമുണ്ട്. ഗ്രീന്‍ ലൈന്‍ പ്രശ്നമുള്ള ചില ഗാലക്സി എസ് സീരീസ് ഫോണുകള്‍ക്ക് സാംസങ് സൗജന്യമായി സ്‌ക്രീന്‍ മാറ്റി നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗാലക്സി എസ് 20 സീരീസ്, ഗാലക്സി എസ് 21 സീരീസ്, എസ് 22 അള്‍ട്രാ സ്മാര്‍ട്ഫോണുകള്‍ എന്നിവയ്ക്ക് ഒറ്റത്തവണയാണ് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
അടുത്തിടെയായി സാംസങ് ഫോണുകളുടെ സ്‌ക്രീനില്‍ ഗ്രീന്‍ലൈന്‍ കാണുന്നുവെന്ന പരാതി വര്‍ധിച്ചുവെന്നാണ് സൂചന. ഗാലക്സി എസ് സീരീസില്‍ വരുന്ന ഫ്ളാഗ്ഷിപ്പ് മോഡലുകളിലും ഇതെ പ്രശ്‌നം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സോഫ്റ്റ് വെയര്‍ അപ്ഡേറ്റാണ് പലര്‍ക്കും പ്രശ്‌നമായത്. ഈ പ്രശ്നം നേരിടാനാണ് കമ്പനി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തരുണ്‍ വാറ്റ്സ് എന്നയാള്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
നിബന്ധനകള്‍ ബാധകമാക്കിയാണ് സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വാങ്ങിയ ഗാലക്സി എസ്20 സീരീസ്, ഗാലക്സി എസ്21 സീരീസ്, എസ്22 അള്‍ട്ര സ്മാര്‍ട്ഫോണുകള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. വാറന്റി ഇല്ലെങ്കിലും സ്‌ക്രീന്‍ മാറ്റിനല്‍കും. ഈ മാസം 30 വരെ ഗ്രീന്‍ ലൈന്‍ പ്രശ്നമുള്ള മുകളില്‍ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കള്‍ക്ക് സാംസങ് സര്‍വീസ് സെന്ററില്‍ എത്തി പ്രശ്‌നം പരിഹരിക്കാം. മറ്റ് രാജ്യങ്ങളില്‍ ഈ സൗകര്യം ലഭ്യമാകുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഓഫറിന്റെ പരിധിയില്‍ പെടാത്ത ഫോണുകളിലെ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കുക എന്നതിലും വ്യക്തതയില്ല.