വാഴ്ത്തുപാട്ട് രചിച്ചവരെ ഉപയോഗിച്ച് വിലാപകാവ്യം എഴുതരുത്, ജീവനക്കാരുടെ പണിമുടക്ക് സഭയിൽ ഉയർത്തി പ്രതിപക്ഷം.

തിരുവനന്തപുരം: ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചു. ജീവനക്കാർക്ക് 6 ഗഡു ഡി എ കുടിശ്ശിക ഉണ്ടെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ലീവ് സറണ്ടർ തടഞ്ഞു വെച്ചിരിക്കുകയാണ്. ശമ്പള പരിഷ്ക്കരണത്തിന്‍റെ കുടിശ്ശിക ആറു മാസമായി ലഭിക്കുന്നില്ല. ധനമന്ത്രി പണിമുടക്കിനെ അപമാനിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മെഡി സെപ് ജീവനക്കാർക്ക് ഇതിൽ ഒരു പ്രയോജനവും ഇല്ല. സിപിഐയുടെ ജോയിന്റ് കൗൺസിൽ പോലും സർക്കാരിനെ വിമർശിക്കുന്നു. മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ട് പാടിയവർ വേദിയുടെ പിന്നിൽ പോയി പൊട്ടികരഞ്ഞു എന്ന് വിഷ്ണുനാഥ് പരിഹസിച്ചു.

ജീവനക്കാരുടെ സംഘടനകളോട് ശത്രുത ഇല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകി. കേരളത്തിൽ ജീവനക്കാർക്ക് മറ്റ് സ്ഥാനങ്ങളെക്കാൾ മികച്ച ആനുകൂല്യങ്ങൾ നൽകപ്പെടുന്നുവെന്നും സ്റ്റാട്യൂട്ടറി പെൻഷൻ എങ്ങിനെ നൽകാമെന്ന് ചർച്ച നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചു.

സംസ്ഥാനത്തെ ഒരു സർക്കാറും ജീവനക്കാർക്ക് ഇത്രയും കുടിശ്ശിക ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജോയിന്റ് കൗൺസിൽ സമരം നടത്തുന്നതിനാൽ സിപിഐ അംഗങ്ങളും വാക്കൗട്ടിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *