ഇന്ത്യൻ ഉപഭോക്താക്കളുടെ ഇടത്തരം എസ്‌യുവികളുടെ ആവശ്യത്തിൽ സ്ഥിരമായ വർദ്ധനവിന് തെളിവുകൾ കാണുന്നു. ഹ്യുണ്ടായ് ക്രെറ്റ, ടൊയോട്ട ഹെയ്‌റൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ തുടങ്ങിയ എസ്‌യുവികൾ ഈ വിഭാഗത്തിൽ പ്രധാനമായും ആധിപത്യം പുലർത്തുന്നു. നിങ്ങൾ അടുത്ത കുറച്ച് ദിവസങ്ങളിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഒരു സന്തോഷകരമായ വാർത്തയുണ്ട്. ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ 2024 ഫോക്‌സ്‌വാഗൺ ടൈഗണിന് പരമാവധി രണ്ടുലക്ഷം രൂപ വരെ കിഴിവ് നൽകുന്നു.
ഫോക്‌സ്‌വാഗൺ ടൈഗൻ, 2024-ൽ നിർമ്മിച്ച 1.0-ലിറ്റർ TSI എഞ്ചിൻ ഉള്ള മോഡലിന്, കമ്പനി 1.50 ലക്ഷം രൂപയുടെ ക്യാഷ് കിഴിവ് നൽകുന്നു. കൂടാതെ, ടൈഗൻ്റെ മറ്റ് വേരിയൻ്റുകളിലും ബമ്പർ ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്. ഈ ഓഫർ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾക്കൊള്ളുന്നതായി ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കിഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഉപഭോക്താക്കൾക്ക് അവരുടെ അടുത്ത ഡീലർഷിപ്പുമായി ബന്ധപ്പെടാം.
ടൈഗണിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. ആദ്യത്തെ ഓപ്ഷൻ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ്, ഇത് പരമാവധി 115 ബിഎച്ച്പി കരുത്തും 175 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു. രണ്ടാമത്തെ ഓപ്ഷൻ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ്, ഇത് പരമാവധി 150 ബിഎച്ച്പി കരുത്തും 250 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു.