മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്ന മോഹൻലാൽ – ശോഭന ജോഡികൾ വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും മടങ്ങിവരുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം ശോഭന പുറത്തുവിട്ടിരുന്നു. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുമ്പോൾ, മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ ശോഭനയെ നായികയായി കാണാം.
മോഹൻലാലിന്റെ 360-ാം ചിത്രവും മോഹൻലാൽ, ശോഭന കോംബോയുടെ 56-ാമത് ചിത്രവും എന്നാണ് പ്രഖ്യാപന വേളയിൽ ശോഭന നൽകിയ വിവരം. എന്നാലിത് 26-ാം ചിത്രമായിരിക്കും.
വസന്ത സേന, അനുബന്ധം, രംഗം, ടി.പി. ബാലഗോപാലൻ എം.എ., കുഞ്ഞാറ്റകിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, അവിടുത്തെപ്പോലെ ഇവിടെയും, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, അവിടുത്തെപ്പോലെ ഇവിടെയും, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിൻ കൊമ്പത്ത്, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് സിനിമകളിൽ മോഹൻലാലിനെയും ശോഭനയെയും പ്രേക്ഷകർ കണ്ടു.
നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു മോഹൻലാൽ, ശോഭന ചിത്രം റിലീസ് ആവുന്നത്. 2009ലെ ‘സാഗർ എലിയാസ് ജാക്കിയാണ്’ മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച് പുറത്തുവന്ന ഏറ്റവും ഒടുവിലത്തെ ചിത്രം. അതിനു മുൻപ് 2004ലെ ‘മാമ്പഴക്കാലം’ എന്ന സിനിമയിൽ ഇവർ ജോഡികളായി എത്തിയിരുന്നു.
സുരേഷ് ഗോപി, ദുൽഖർ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രമാണ് ശോഭനയുടേതായി എത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യമുള്ള ചിത്രമാണിത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് 90 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഏപ്രിൽ 22ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ.- വാഴൂർ ജോസ്.