തെന്നിന്ത്യന്‍ സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ‘കൂലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലക സംഘത്തിന്‍റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ലോകേഷിന്‍റെ മുന്‍ സിനിമകള്‍ മയക്കുമരുന്ന് സംഘങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്. തുറമുഖത്തെ എന്തിനും പോന്ന കരുത്തനായ കൂലിയുടെ വേഷത്തിലാകും രജനികാന്ത് ചിത്രത്തില്‍ എത്തുക. ലോകേഷിന്‍റെ സിനിമകളില്‍ പതിവായി കാണാറുള്ള സസ്പെന്‍സ് ഈ സിനിമയിലും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമ്മിക്കുന്ന തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും ഇത്. തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സെഷന്‍ അനിരുദ്ധ് ചിത്രത്തിന് സംഗീതമൊരുക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. ലോകേഷിന്‍റെ വിശ്വസ്തനായ എഡിറ്റര്‍ ഫിലോമിന്‍ രാജ് ഒരിക്കല്‍ കൂടി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കും.