ഗുരുവായൂരമ്പലനടയിൽ നടന്ന ലളിതമായ ചടങ്ങിൽ നടൻ ദീപക് പരമ്പോൽ (Deepak Parambol) അപർണ ദാസിന് (Aparna Das) താലിചാർത്തി. ഇരുവരും മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ താരങ്ങളാണ്. കസവു സാരിയാണ് വധുവിന്റെ വേഷം. വരൻ ദീപക് പരമ്പരാഗതമായ കസവു മുണ്ടും അണിഞ്ഞിരുന്നു. ഇരുവരും പരസ്പരം തുളസിഹാരം ചാർത്തി
വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. നടൻ സിജു വിത്സൺ വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ ഒരാളാണ്. വധൂവരന്മാർക്ക് സിജു ആശംസ അറിയിച്ചു. ഏപ്രിൽ 24ന് പുലർച്ചെയായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം അപർണ പോസ്റ്റ് ചെയ്ത ഹൽദി ചിത്രങ്ങൾ വൈറലായിരുന്നു. 2018ൽ ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 2019-ൽ വിനീത് ശ്രീനിവാസൻ അഭിനയിച്ച മനോഹരം എന്ന ചിത്രത്തിൽ നായികയായി
ഈ സിനിമയിൽ തികച്ചും യാദൃശ്ചികമായി ഭർത്താവ് ദീപക്കും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വിജയുടെ 2022-ൽ പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് പഞ്ച വൈഷ്ണവ് തേജിൻ്റെ 2023-ൽ പുറത്തിറങ്ങിയ ആദികേശവ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ ചുവടുവച്ചു. 2010ൽ വിനീത് ശ്രീനിവാസൻ്റെ മലർവാടി ആർട്‌സ് ക്ലബ്ബിൽ അരങ്ങേറ്റം കുറിച്ച ദീപക്, ഒരു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി കഥാപാത്രങ്ങളും ഒരുപിടി പ്രധാന വേഷങ്ങളും ചെയ്തിട്ടുണ്ട്
തട്ടത്തിൻ മറയത്ത്, ഡി കമ്പനി, കുഞ്ഞിരാമായണം, ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ, ലവ് ആക്ഷൻ ഡ്രാമ, മലയൻകുഞ്ഞ്, ക്രിസ്റ്റഫർ, കാസർഗോൾഡ്, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ദീപക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ. മഞ്ഞുമ്മൽ ബോയ്സ്, വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം, അഭിജിത് അശോകൻ്റെ ‘ജനനം 1947, പ്രണയം തുടരുന്നു’ എന്നിവയിൽ ഈ വർഷമാദ്യം ദീപക് അഭിനയിച്ചിരുന്നു