ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തെലങ്കാന ഹൈക്കോടതിയുടെ വിധിയാണ് ഇത്. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വിധി പ്രഖ്യാപിച്ചത്. നാല് ആഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. മനഃപൂർവമല്ലാത്ത നരഹത്യ എന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമുണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.
ഒരു ജനപ്രിയ താരമായതുകൊണ്ട് മാത്രം അല്ലു അർജുന് ചില സ്ഥലങ്ങൾ സന്ദർശിക്കാനോ തൻ്റെ സിനിമകൾ പ്രമോട്ട് ചെയ്യാനോ ആർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. പ്രമോഷൻ എന്ന നിലയിൽ നടൻ വേദിയിൽ എത്തിയതാണ് അപകട കാരണമെന്ന് പറയാനാകില്ലെന്നും ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂട്ടറുടെ വാദം തൽക്കാലം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് ഖേദിക്കുന്നതായും കോടതി പറഞ്ഞു. എന്നാൽ ഇപ്പോൾ കുറ്റം അല്ലു അർജുൻ്റെ പേരിൽ മാത്രമാണെന്ന് പറയാനാകില്ല. സൂപ്പർ സ്റ്റാറായതിനാൽ അല്ലു അർജുനെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാനാവില്ലെന്നും ഇത് പൗരനെന്ന നിലയിലുള്ള അവകാശ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.