ചെന്നൈ: പ്രശസ്ത സംവിധായകൻ വെട്രി മാരനും നടൻ ധനുഷും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ചേർന്ന് പ്രവർത്തിക്കുന്ന അഞ്ചാമത്തെ ചിത്രമായിരിക്കും ഇത്. ജനുവരി 13-ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ, വെട്രി മാരന്റെ ചിത്രം ‘വിടുതലൈ: പാർട്ട് 2’യുടെ നിർമ്മാതാക്കളായ ആർഎസ് ഇൻഫോടെയ്മെന്റാണ് ഈ പ്രഖ്യാപനം നടത്തിയത്.
വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകൾക്ക് പൊല്ലാതവൻ, ആടുകളം, വട ചെന്നൈ, അസുരൻ എന്നിവ ഉൾപ്പെടുന്നു. ഇവയിൽ വട ചെന്നൈ ആദ്യഭാഗം ആണ് പുറത്തിറങ്ങിയത്, എന്നാൽ രണ്ടാം ഭാഗം എപ്പോഴാകും എന്ന ചോദ്യത്തിന് വെട്രിമാരന്‍ പലപ്പോഴും നേരിട്ടിട്ടുണ്ട്. ഈ ചിത്രങ്ങൾ എല്ലാം ബോക്സോഫീസിൽ വിജയിച്ചവയാണ്.
പുതിയ ചിത്രത്തിന്റെ കഥ, അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രം ഒരു സ്റ്റാൻഡ്‌ലോൺ പ്രോജക്ട് ആണോ, അല്ലെങ്കിൽ വട ചെന്നൈയുടെ തുടർച്ചയാണോ എന്നതിൽ വ്യക്തത ഇല്ല.
2022-ൽ ധനുഷിന്റെ തിരുച്ചിത്രമ്പലത്തിന്റെ ഓഡിയോ ലോഞ്ചിൽ വെട്രി മാരൻ വീണ്ടും ധനുഷിനൊപ്പം ഒരു ചിത്രം ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതേസമയം, സൂര്യയെ നായകനാക്കി വാടിവാസൽ എന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണെന്ന് വെട്രി മാരൻ പറഞ്ഞു. ഈ ചിത്രത്തിന് മുമ്പോ ശേഷമോ ധനുഷുമായുള്ള പ്രോജക്ട് എങ്ങനെ മുന്നോട്ട് പോകുമെന്ന് വ്യക്തമല്ല.
സി എസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കി സൂര്യ നായകനാകുന്ന വാടിവാസൽ എന്ന ചിത്രം ഒരുക്കുന്നു. ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന് ജിവി പ്രകാശ് കുമാർ സംഗീതം നൽകുന്നു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി താണുവാണ് വാടിവാസൽ നിർമ്മിക്കുന്നത്.
“രായന്‍” എന്ന സിനിമയില്‍ പ്രധാന വേഷം അവതരിപ്പിച്ച് ചിത്രം സംവിധാനം ചെയ്ത ധനുഷിന്റെ അടുത്ത പ്രോജക്റ്റ് “കുബേര” ആണ്. രശ്മിക മന്ദന്ന, നാഗാർജുന എന്നിവരാണ് ധനുഷിന്റെ സഹ അഭിനേതാക്കൾ. ഈ ചിത്രം ശേഖർ കമ്മുല സംവിധാനം ചെയ്യുന്നു. കൂടാതെ, നിത്യ മേനോനൊപ്പം “ഇഡ്‌ലി കടൈ” എന്ന ചിത്രവും, സംവിധായകൻ രാജ്കുമാർ പെരിയസാമിയുടെ പേരിടാത്ത ഒരു പ്രോജക്റ്റും ധനുഷിന്റെ വരാനിരിക്കുന്ന പദ്ധതികളിലുണ്ട്.