കൊച്ചി: ബി ഉണ്ണികൃഷ്ണന് കാര്യമായ ഓർമ്മപ്പിശകുണ്ടെന്ന് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. രണ്ട് പ്രാവശ്യം ഉണ്ണികൃഷ്ണനുമായി മുഖാമുഖം സംസാരിച്ചിരുന്നു. ഒന്ന് ഭദ്രൻ സാറിന്റെ മീറ്റിംഗിൽ. ഇനി നിന്നെ മലയാള സിനിമ ചെയ്യിപ്പിക്കില്ല എന്ന് പറഞ്ഞ് പോവുന്നത് മീറ്റിംഗിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തില്ലല്ലോയെന്നും സാന്ദ്ര തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിനായി ഏഴ് ലക്ഷം രൂപ വാങ്ങിയെന്നാണ് ഉണ്ണികൃഷ്ണൻ ആരോപിക്കുന്നത്. ഇത് തെറ്റായ കാര്യമാണ്. ആ സിനിമയ്ക്കായി മൂന്നര ലക്ഷം രൂപ ചെലവ് ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിന്റെ സെറ്റിൽമെന്റിനായി ആവശ്യപ്പെട്ടത് 25ലക്ഷം രൂപയായിരുന്നു.
ഈ പണം നൽകാതെ സിനിമ ചെയ്യാൻ സാധിക്കില്ല എന്ന സാഹചര്യത്തിൽ ബി ഉണ്ണികൃഷ്ണൻ, ജൂഡ് ആന്തണി, മിഥുൻ മാനുവൽ തോമസ് എന്നിവർ ഒരു ഹോട്ടലിൽ കൂടിയിരുന്നു. ഫെഫ്ക ഇനി സഹകരിക്കില്ല എന്ന തരത്തിൽ സംസാരിക്കുമ്പോൾ, ഒരു തുടക്കക്കാരിയായ നിലയിൽ ഞാൻ ഭയന്നുപോയി. അങ്ങനെ, മൂന്ന് ലക്ഷം രൂപ ചേർത്ത് ആകെ ഏഴ് ലക്ഷം രൂപ ലഭിച്ചു. ഈ എല്ലാ ചർച്ചകളും ബി ഉണ്ണികൃഷ്ണൻ നേരിട്ട് കൈകാര്യം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട അഭിമാനക്ഷതയ്ക്ക് ഇവരിൽ നിന്ന് ക്ഷമാപണം എഴുതി വാങ്ങുകയും, അത് ഫ്രൈഡേ ഫിലിം ഹൗസിൽ ഫ്രെയിം ചെയ്ത് വയ്ക്കുകയും ചെയ്തു.