സിറിയ: സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചു. 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടയ ആക്രമണത്തിന്റെ മറുപടിയായാണ് സിറിയയിലെ ആക്രമണമെന്ന് യുഎസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ പ്രത്യാക്രമണം നടന്നിരിക്കുന്നത്. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍-സൂര്‍ പ്രവിശ്യയിലെ അല്‍-ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍-ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായത്.
ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണ പരമ്പരയില്‍ രണ്ട് ഡസന്‍ യുഎസ് സൈനികര്‍ക്ക് പരുക്കേറ്റതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചിരുന്നെങ്കിലും പരുക്കേറ്റവരു എണ്ണം വെളിപ്പെടുത്തിയിട്ടില്ല.
ഒക്ടോബര്‍ 18-ന് തെക്കന്‍ സിറിയയിലെ അല്‍-താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ രണ്ട് ഡ്രോണ്‍ ആക്രമണത്തില്‍ ഇരുപത് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടത്തുന്ന ഗ്രൂപ്പുകളെ ഇറാനും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സും പിന്തുണയ്ക്കുന്നതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജനറല്‍ പാറ്റ് റൈഡര്‍ പ്രതികരിച്ചിരുന്നു.