ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 34097 ആയെന്ന് ഹമാസ് നേതൃത്വത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതായും ആക്രമണങ്ങളില്‍ 79 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ പലസ്തീനിനെതിരേ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇതുവരെ 34097 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 76980 പേർക്ക് ഇതുവരെ പരിക്കേറ്റു.
ഖാന്‍ യൂനിസ് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 50ലധികം മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തതായി ഗാസ മുനമ്പിലെ സിവില്‍ ഡിഫന്‍സ് സര്‍വീസ് വക്താവ് മഹ്‌മൂദ് ബാസല്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഏപ്രില്‍ ഏഴിനാണ് ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസില്‍ നിന്ന് പിന്‍വാങ്ങിയത്. മൃതദേഹങ്ങള്‍ ഇസ്രയേല്‍ സൈന്യം ഒന്നിച്ച് ശേഖരിച്ച് അടക്കം ചെയ്തതതായി ബാസല്‍ പറഞ്ഞു. ഗാസയില്‍ ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസ മുനമ്പിലെ ആളുകളെ ഇല്ലാതാക്കുന്നതിന് ഇസ്രയേല്‍ സൈന്യം വ്യവസ്ഥാപിതവും ആസൂത്രിതവുമായ രീതിയില്‍ പദ്ധതികൾ നടപ്പാക്കുകയാണെന്ന് വക്താവ് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരേ ആക്രമണം ആരംഭിച്ചത്. ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 200-ല്‍ പരം ആളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ പലസ്തീനിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.