ടെഹ്റാൻ: നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിന് ഇറാനിൽ താൽക്കാലിക മോചനം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം മോചനം ലഭിച്ചതായി നർഗീസിന്റെ അഭിഭാഷകൻ മുസ്തഫ നിലി അറിയിച്ചു.
ഡോക്ടറുടെ ശുപാർശയെ അടിസ്ഥാനമാക്കി, പബ്ലിക് പ്രോസിക്യൂട്ടർ നർഗീസ് മുഹമ്മദിയുടെ ജയിൽ ശിക്ഷ മൂന്നാഴ്ചത്തേക്കാണ് നിർത്തിവച്ചത്. ഈ താൽക്കാലിക മോചനം അപര്യാപ്തമാണെന്ന് കുടുംബം അഭിപ്രായപ്പെട്ടു. കുറഞ്ഞത് മൂന്ന് മാസത്തേക്ക് മോചനം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. നർഗീസിനെ ഉടൻ നിരുപാധികമായി മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നിര്‍ബന്ധിത ഹിജാബിനും വധശിക്ഷയ്ക്കുമെതിരെ പോരാട്ടം നടത്തിയതിന്റെ ഫലമായി നർഗീസ് ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 51 വയസ്സുള്ള നർഗീസിന് 31 വർഷത്തെ തടവുശിക്ഷ ലഭിച്ചതായി നൊബേൽ കമ്മിറ്റി മുമ്പ് അറിയിച്ചിരുന്നു.