തിരുവനന്തപുരം: പൂവാറിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർക്ക് ക്രൂര ലൈംഗിക പീഡനം. മുൻ സൈനികനായ പൂവാർ സ്വദേശി ഷാജി (56) പിടിയിലായി. സ്‌കൂളിൽ കുട്ടികൾക്ക് നടത്തിയ കൗൺസലിംഗിനിടെയാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്ത് വന്നത്. വനിതാ ശിശുവികസന കേന്ദ്രത്തിൽ നിന്നുള്ള കൗൺസലർ കഴിഞ്ഞ ദിവസമാണ് സ്കൂളിലെത്തിയത്. സഹോദരിമാരിൽ മൂത്ത പെൺകുട്ടിയാണ് കൗൺസിലിങ്ങിനിടെ പീഡന വിവരം പറഞ്ഞത്. പിന്നീട് സംശയം തോന്നിയ കൗൺസിലർ ഇളയ കുട്ടിയെയും വിളിച്ച് വരുത്തി ചോദിച്ചറിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ക്രൂര ലൈംഗിക പീഡനമാണ് പത്ത് വയസ് പ്രായമുള്ള ഇളയ പെൺകുട്ടി നേരിട്ടത്. മാനസികമായും ശാരിരികമായും കുട്ടി വളരെ മോശമായ അവസ്ഥയിലാണ്.
കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് പ്രതി വീട്ടിലെത്തി ഒരു വർഷത്തോളം കാലമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്. മാതാപിതാക്കൾക്ക് ഇയാൾ പണം സഹായം നൽകിയിരുന്നു. കുടംബവുമായി ഇങ്ങനെ അടുപ്പം സ്ഥാപിച്ചായിരുന്നു പീഡനം. ഇത് മുതലെടുത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തുന്ന പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കൌൺസിലർ വിവരം സ്കൂളിലെ അധ്യാപകരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പൂവാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിന് പിന്നാലെ കുട്ടികളെ ഉപദ്രവിച്ചിരുന്ന ഷാജിയെ പിടികൂടി. പോക്സോ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.
സമാനമായ മറ്റൊരു സംഭവം മലപ്പുറത്തുമുണ്ടായി. ആലുവ സംഭവത്തിന് പിന്നാലെ ഇതര സംസ്ഥാനക്കാരിയായ ബാലികക്ക് വീണ്ടും പീഡനം. മലപ്പുറം ചേളാരിയിൽ നാലു വയസുകാരിയെ ശീതള പാനീയം നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഇതര സംസ്ഥാനക്കാൻ കൂടിയായ പ്രതി റാം മഹേഷ് കുഷ്വയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിൽ മാർബിൾ തൊഴിലാളിയായ ഗ്വളിയോർ സ്വദേശിനിയുടെ നാലു വയസ്സുള്ള മകളാണ് പീഡനത്തിന് ഇരയായത്. ഇവരുടെ തമാസ സ്ഥലത്തിന് സമീപമുള്ള കോട്ടേഴ്സിൽ താമസിക്കുന്ന പരിചയക്കാരനാണ് പ്രതി. ഇന്നലെ വൈകിട്ടോടെ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ പ്രതി ശീതള പാനീയം നൽകി കൂട്ടി ക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്ന് പൊലീസ് പറയുന്നു. കരഞ്ഞോടി വന്ന കുട്ടി അമ്മയോട് കാര്യങ്ങൾ പറയുകയായിരുന്നു. സമയോചിതമായി ഇടപെട്ട അമ്മ പൊലീസ് കൺട്രോൾ റൂമിൽ നേരിട്ട് വിളിച്ചു വിവരം പറയുകയായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായി.
കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് പ്രതിയുടെ ഫോട്ടോ കാണിച്ചപ്പോൾ കുട്ടി തിരിച്ചറിഞ്ഞു. രാവിലെ ഒമ്പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു വർഷം മുമ്പാണ് പ്രതി ഇവിടെ തൊഴിലെടുക്കാൻ എത്തിയത്. ഇയാളുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.