ദില്ലി: രാജ്യത്തെ റെയിൽവേ നവീകരണത്തിന് 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായാണ് 25000 കോടിയുടെ പദ്ധതിക്ക് മോദി തുടക്കമിട്ടത്. പദ്ധതിയിൽ കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. പയ്യന്നൂര്‍, കാസർകോട്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളാണ് കേരളത്തിൽ നിന്നും ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ട് നിർവഹിച്ചു.
റെയിൽവേ വികസനത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പ്രതിപക്ഷം വികസന വിരോധികളാണെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ‘ഇന്ത്യ’ സഖ്യത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭയിൽ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് പ്രധാനമന്ത്രി വീണ്ടും ‘ഇന്ത്യ’ സഖ്യത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. വികസനത്തെ കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ ചിലര്‍ എതിര്‍ക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി.
രാജ്യത്തെ വികസനത്തിന് കാരണം മുപ്പതു കൊല്ലത്തിനു ശേഷം ഒറ്റപാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ വന്നതാണെന്നും അഭിപ്രായപ്പെട്ട മോദി, കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്ന സന്ദേശവും നല്‍കി. രാജ്യത്തെ ഐക്യം തകര്‍ക്കാന്‍ നോക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ സഖ്യത്തിനെതിരായ ‘ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യവും നരേന്ദ്ര മോദി ആവർത്തിച്ചു. അഴിമതി, കുടുംബഭരണം സാമുദായിക ധ്രുവീകരണം എന്നിവയോട് ‘ക്വിറ്റ് ഇന്ത്യ’ എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹർ ഘർ തിരംഗ ഈ സ്വാതന്ത്ര്യദിനത്തിലും ആചരിക്കണമെന്നും ഇന്ത്യ ഐക്യത്തോടെ നിലനിൽക്കണം എന്ന സന്ദേശം വിഭജനത്തിന്‍റെ ദിനമായ 14 ന് എല്ലാവരും ഓർക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നികുതി അടച്ച് രാജ്യത്തിന്‍റെ വികസനത്തിൽ പങ്കാളികളായ എല്ലാ പൗരൻമാർക്കും നന്ദിയെന്നും മോദി പറഞ്ഞു.