മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റുകളുടെ കുറവിനെക്കുറിച്ച് പ്രതികരിച്ച കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മലപ്പുറത്ത് അധിക ബാച്ചുകൾ അനുവദിക്കുമെന്ന് അറിയിച്ചു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് ജില്ലകളിൽ നിന്ന് 14 പ്ലസ് വൺ ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
പ്രശ്‌നം പ്രധാനമായും പരിഹരിക്കേണ്ടത് മലപ്പുറത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൊത്തം 74,014 വിദ്യാർത്ഥികൾ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവരിൽ 51,643 പേർ പ്രവേശനം നേടിയിട്ടുണ്ട്. മെറിറ്റിലും മാനേജ്‌മെന്റ് ക്വാട്ടയിലും യഥാക്രമം 5190, 2432 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.