സിനിമക്ക് ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറും. സിനിമ തുടങ്ങിക്കഴിഞ്ഞാൽ പകുതി വസ്ത്രമഴിച്ച് കളഞ്ഞ് മുട്ടിലിഴഞ്ഞ് നടന്ന് തിയേറ്ററിലുള്ളവരുടെ പേഴ്‌സ് മോഷ്ടിക്കും. സംഭവം തിരുവനന്തപുരത്ത്. സിസിടിവിയിൽ കണ്ടെത്തിയ കള്ളനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ സിനിമ കാണാൻ വന്നവരുടെ പേഴ്‌സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കള്ളൻ സിസിടിവിയിൽ കുടുങ്ങിയത്.
ആദ്യം ടിക്കറ്റെടുത്ത് തിയേറ്ററിൽ ആളൊഴിഞ്ഞ ഭാഗത്ത് കയറിയിരിക്കും, സിനിമ തുടങ്ങിക്കഴിഞ്ഞാൽ അർധനഗ്നനായി മുട്ടിലിഴഞ്ഞ് നടന്ന് മോഷണം നടത്തും. സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയുകയുമില്ല. ഈ ദൃശ്യങ്ങൾ തിയേറ്റർ അധികൃതർ പൊലീസിന് കൈമാറി. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആരും ഇതുവരെ പരാതികളൊന്നും നൽകിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. തിയേറ്ററിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള തെരച്ചിൽ നടന്ന് വരികയാണെന്ന് ഇൻസ്‌പെക്ടർ മുരളീ കൃഷ്ണ അറിയിച്ചു.