മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കളമശ്ശേരിയിലെത്തും. 10 മണിക്ക് നിശ്ചയിച്ച സർവ്വകക്ഷിയോഗം കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രി യാത്രതിരിക്കുക. ഹെലികോപ്റ്ററിലായിരിക്കും തിരുവനന്തപുരത്ത് നിന്നും കളമശ്ശേരിയിലെത്തുക. തുടർന്ന് സ്‌ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രികളിൽ ചെന്ന് സന്ദർശിച്ചേക്കും.
ഇന്ന് 10 മണിക്കാണ് കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ചേരുക. സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിലാണ് യോഗം. എല്ലാ കക്ഷിനേതാക്കളും യോഗത്തിൽ പങ്കെടുക്കും. കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കും. കക്ഷിനേതാക്കളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച് യോഗം തുടർനടപടികൾ തീരുമാനിക്കും.
അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ലിബിനയ്ക്ക് ദേഹത്ത് 90% പൊള്ളലേറ്റിരുന്നു.
സ്‌ഫോടനത്തിൽ ഇതുവരെ 3 പേരാണ് മരിച്ചത്. തൊടുപുഴ കാളിയാർ സ്വദേശിനി കുമാരി, പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലയോണ എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചികിത്സയിലുള്ള 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്‌ഫോടനത്തിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. ദില്ലിയിൽ നിന്നെത്തിയ എൻ എസ് ജി സംഘവും ഇന്ന് പ്രതിയെ ചോദ്യം ചെയ്യും. എൻ ഐ എ സംഘം ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു.