കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. ജില്ലാ സെഷന്‍സ് കോടതിയാണ് നവംബര്‍ 29 വരെ ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. സ്ഫോടന കേസ് അതീവ ഗൗരവമുള്ളതെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ കോടതി ഏര്‍പ്പാടാക്കിയ അഭിഭാഷകന്റെ സേവനം തനിക്ക് വേണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. കേസ് സ്വന്തമായി നടത്താന്‍ തയാറെന്നും പ്രതി കോടതിയെ ധരിപ്പിച്ചു. മാര്‍ട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.
പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി നല്‍കി. അതുവരെ പ്രതിയുടെ മുഖം മറച്ച് വെയ്ക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. തിരിച്ചറിയല്‍ പരേഡിന് ശേഷം മാത്രമേ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുകയുള്ളൂ. മാര്‍ട്ടിനില്‍ നിന്ന് കണ്ടെടുത്ത തെളിവുകളുടെ പട്ടിക പൊലീസ് കോടതിക്ക് കൈമാറി.
അതേസമയം കേസന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ എന്‍ഐഎയാണ് പരിശോധിക്കുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ ജോലി ചെയ്ത സ്ഥലത്തടക്കം വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.