യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ശേഷം മലപ്പുറം വണ്ടൂരിൽ MSF – KSU പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. പരിപാടിക്ക് ശേഷം നടന്ന സംഗീത നിശയിൽ MSF പ്രവർത്തകർ മുസ്ലീം ലീഗിൻ്റെയും, MSF ൻ്റെയും കൊടി വീശി. രാഹുൽ ഗാന്ധിയുടെ പ്രചരണത്തിൽ കൊടി ഉപയോഗിക്കേണ്ടതില്ല എന്ന ധാരണ MSF പ്രവർത്തകർ തെറ്റിച്ചു എന്ന് പറഞ്ഞ് KSU പ്രവർത്തകർ കൊടി വീശിയത് ചേദ്യം ചെയ്തു. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടികൾ ഉപയോഗിക്കില്ലെന്ന് എം.എം. ഹസ്സൻ കാലേകൂട്ടി അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിൻ്റെയോ സഖ്യകക്ഷികളുടെയോ കൊടികൾ ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് യുഡിഎഫ് കൺവീനർ കൂടിയായ ഹസ്സൻ പറഞ്ഞു. എന്നാൽ, തീരുമാനത്തിന് കാരണമൊന്നും പറയാൻ അദ്ദേഹം തയ്യാറായില്ല.
ഈ മാസം ആദ്യം വയനാട്ടിൽ രാഹുൽഗാന്ധിയുടെ റോഡ്‌ഷോയ്‌ക്കിടെ കോൺഗ്രസ് പാർട്ടിയുടെയോ സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റേയോ കൊടികൾ ഉപയോഗിക്കേണ്ടതില്ലെന്ന തീരുമാനം ബി.ജെ.പിക്കും സി.പി.എമ്മിനും രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് ഇടം നൽകി. കോൺഗ്രസ് ബി.ജെ.പിയെ ഭയക്കുന്നതിനാലാണ് പതാകകൾ ഉപയോഗിക്കാത്തതെന്ന് സി.പി.എം. ആരോപിച്ചപ്പോൾ, മുസ്ലീം ലീഗിനെ കുറിച്ച് രാഹുൽ ഗാന്ധിക്ക് നാണക്കേട് തോന്നിയത് കൊണ്ടാണെന്നും, അവരുടെ പിന്തുണ നിരസിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുവെന്നും ബി.ജെ.പി. അവകാശപ്പെട്ടു.
സിപിഎമ്മും ബിജെപിയും ഉറ്റ ചങ്ങാതിമാരായിക്കഴിഞ്ഞുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് ആരും പഠിപ്പിക്കേണ്ടതില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.