അടിപിടി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് ധരിപ്പിച്ച വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്ത പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പറവണ്ണ സ്വദേശി റബീഹ് (22) ആണ് രക്ഷപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
വെള്ളിയാഴ്ച അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റബീഹിനൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൂടെ മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു.
റബീഹിനെ പിടിക്കാൻ പിന്നാലെ പൊലീസ് ഓടിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഒരു വശം കടന്നാണ് റബീഹ് ഓടിയത്. ഒരാൾ അഗ്നിരക്ഷാസേനാ ഓഫിസിന്റെ സമീപം വഴി റെയിൽപാളം ചാടി കടന്ന് ഓടുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. റബീഹിനെ പിടിക്കാൻ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.