തൃശ്ശൂർ പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്ന് പോലീസിനെതിരെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളില്‍ ഉയർന്നുവന്ന പരാതികള്‍ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂര പ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പോലീസ് പരിധിവിട്ടതാണു വിവാദമായത്. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ച് പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു.
പൂരത്തിന് ആനകള്‍ക്കു നല്‍കാന്‍ കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് നടപടിയെടുക്കാന്‍ നിര്‍ദേശം വന്നിരിക്കുന്നത്.