കളരിപ്പയറ്റ് പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കളരിയാശാന് 10 വര്‍ഷം കഠിന തടവും പിഴയും. നടമ എരൂര്‍ സ്വദേശി എം.ബി. സെല്‍വരാജി (43) നാണ് എറണാകുളം പോക്‌സോ കോടതി 10 വര്‍ഷം തടവും 2.85 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 64 വര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് പത്ത് വര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പറഞ്ഞത്. ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. ഷിജു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി പി.എ. ബിന്ദു ഹാജരായി.
മാതാപിതാക്കള്‍ കളരിപ്പയറ്റ് പഠിപ്പിക്കുന്നതിനായി 9 വയസ്സുകാരിയെ സെല്‍വരാജ് നടത്തുന്ന കളരിയില്‍ ചേര്‍ത്തപ്പോഴായിരുന്നു സംഭവം. 2016 ഓഗസ്റ്റ് മുതല്‍ 2017 ജൂലായ് വരെ പലപ്പോഴായി പ്രതി കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്.
സ്വയം പ്രതിരോധിക്കാനുള്ള പ്രാപ്തി പെണ്‍കുട്ടികള്‍ നേടാനാണ് കളരി ആശാന്മാരെ വിശ്വസിച്ച് അവരെ കളരികളില്‍ ചേര്‍ക്കുന്നതെന്ന് വിധി പ്രസ്താവത്തില്‍ കോടതി ചൂണ്ടിക്കാട്ടി. കുട്ടികളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള കളരിയാശാന്‍ തന്നെ മാതാപിതാക്കളുടെ വിശ്വാസം മുതലെടുത്ത് ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും കോടതി പറഞ്ഞു.