ഉഷ്ണതരംഗത്തിൽ വലഞ്ഞിരിക്കുകയാണ് പാലക്കാട്. അസഹനീയമായ ചൂട് ജനങ്ങളെ വലക്കുന്നതിനൊപ്പം, ഇന്ന് ജില്ലയിൽ കുഴഞ്ഞ് വീണു മരിച്ചവരുടെ എണ്ണം രണ്ടായി. പാലക്കാട് തെങ്കര പുളിക്കപ്പാടം വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56)യാണ് ഇന്ന് കുഴഞ്ഞു വീണു മരിച്ച രണ്ടാമത്തെയാൾ.
ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്കൂളിന് സമീപത്ത് വെച്ചാണ് സരോജിനി കുഴഞ്ഞുവീണത്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ ആർ ശബരീഷ് (27) ആണ് ഇന്ന് രാവിലെ കുഴഞ്ഞു വീണു മരിച്ചത്. കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലെ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 മെയ് 01 മുതൽ മെയ് 02 വരെയുള്ള ദിവസങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.