കേരളത്തിൽ കള്ളക്കടൽ പ്രതിഭാസം തുടരുകയാണ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ആണ് അലേർട്ട് പ്രഖ്യാപിച്ചത്. കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും നാളെ (06-05-2024) വൈകിട്ട് 03.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1 കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2 മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3 ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
4 മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.
5 കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്ന് രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.
6 കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്‌ധമായിരിക്കും.