സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി അടക്കം മലയാളത്തിലും ഹിന്ദിയിലുമായി 14 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ ‘രോമാഞ്ചം’ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു.യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.സംവിധായകരായ സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.
ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ചന്ദ്രമണിയുടേയും മകനാണ്. പഠനകാലത്ത് കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകി.ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി.
ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികൾ ചെയ്തിരുന്ന അദ്ദേഹം, യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി “വ്യൂഹം” എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി സംവിധാനം ചെയ്ത യോദ്ധ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. പിന്നീട് “ഡാഡി”, “ഗാന്ധർവ്വം”, “നിർണ്ണയം” തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. “ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.
സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. പിന്നീട് ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുന്നു.