എയർ ഇന്ത്യ എക്സ്പ്രസ് (Air India Express) പ്രതിസന്ധി തുടരുന്നു. ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനാൽ എയർ ഇന്ത്യ സർവീസ് ഇന്നും (ഏപ്രിൽ 9, വ്യാഴാഴ്ച) മുടങ്ങി. കണ്ണൂരിൽ നിന്നുള്ള നാലു സർവീസുകൾ റദ്ദാക്കി. ഷാർജ, അബുദാബി, മസ്‌ക്കറ്റ്, ദമാം സർവീസുകളാണ് റദ്ദാക്കിയത്.
എയർ ഇന്ത്യ എക്‌സ്പ്രസിൽ ക്യാബിൻ ക്രൂ അംഗങ്ങളുടെ കുറവ് കാരണം ഏപ്രിൽ 8, ബുധനാഴ്ച 80 ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. 200 ഓളം ജീവനക്കാർ സുഖമില്ല എന്ന് കാരണം റിപ്പോർട്ട് ചെയ്തു. എയർലൈനിൻ്റെ എച്ച്.ആർ. സമ്പ്രദായങ്ങളിലെ പ്രതിഷേധമാണ് കൂട്ട അവധിക്ക് പിന്നിലെ കാരണമെന്ന് റിപ്പോർട്ട്. സർക്കാർ ഇടപെടലിൽ, സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാന കമ്പനിയിൽ നിന്നും റിപ്പോർട്ട് തേടുകയും, ഡൽഹിയിലെ റീജിയണൽ ലേബർ കമ്മീഷണർ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്പനിയെ അറിയിക്കുകയുമുണ്ടായി.
2012 ന് ശേഷം വ്യോമയാന രംഗം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിൽ, എയർ ഇന്ത്യ എക്സ്പ്രസ് 360 പ്രതിദിന ഫ്ലൈറ്റുകളിൽ 80 എണ്ണത്തോളം റദ്ദാക്കേണ്ടി വന്നു. ‘അടുത്ത കുറച്ച് ദിവസങ്ങളിൽ’ വിമാന സർവീസിൽ സമാന സാഹചര്യം തുടരാൻ സാധ്യത കാണുന്നതായി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ എയർലൈൻ സിഇഒ അലോക് സിംഗ് രേഖപ്പെടുത്തി.
വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ എയർ ഇന്ത്യ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
എയർഏഷ്യയുമായുള്ള ലയന പ്രക്രിയയിൽ, മുൻ എയർഏഷ്യ ഇന്ത്യയിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന ലഭിച്ചിരുന്നെന്നും, നിയമനങ്ങളിലും കരാർ വ്യവസ്ഥകളിലും വിവേചനം കാണിക്കുന്നതായും ആരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അലവൻസുകൾ നീക്കം ചെയ്തതിലും അവർ അതൃപ്തരാണ്. ഇത് കയ്യിൽ കിട്ടുന്ന ശമ്പളത്തെ ബാധിച്ചതായും അവർ ആരോപിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയൻ മുഖേന, ക്യാബിൻ ക്രൂ മാർച്ചിൽ ഇത്തരം ചില പ്രശ്‌നങ്ങൾ ഉന്നയിച്ച് കേരള ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.
എയർ ഇന്ത്യ എക്‌സ്‌പ്രസും എയർഏഷ്യ ഇന്ത്യയും ലയിപ്പിച്ചതിലൂടെ, ഇൻഡിഗോയ്‌ക്ക് കുറഞ്ഞ ചെലവിൽ മത്സരം നൽകലായിരുന്നു ലക്‌ഷ്യം. അതേസമയം, വിസ്താരയും എയർ ഇന്ത്യയും ലയിപ്പിച്ച് പൂർണ്ണ സേവന വിഭാഗമായി. സ്വകാര്യവൽക്കരണ വ്യവസ്ഥകൾ പ്രകാരം, പുതിയ ഉടമകൾ പഴയ ജീവനക്കാരെ രണ്ട് വർഷത്തേക്ക് മാത്രം നിലനിർത്താൻ ബാധ്യസ്ഥരായിരുന്നു.
എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച പുതിയ ശമ്പള ഘടനയെ തുടർന്ന് പൈലറ്റുമാർക്കിടയിൽ സമാനമായ അതൃപ്തി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം വിസ്താര 1,000 വിമാനങ്ങൾ റദ്ദാക്കാൻ നിർബന്ധിതരായി മാറി.കോക്ക്പിറ്റ് ക്രൂവിന്റെ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു സർവീസുകൾ റദ്ദാക്കേണ്ടി വന്നത്.
അതേസമയം, വിമാന സർവീസ് റദ്ദാക്കിയതിൽ പ്രതിസന്ധിയിലായ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ എയർ ഇന്ത്യ പുറപ്പെടുവിച്ചു. “അതിഥികൾ തത്സമയ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്‌സൈറ്റിലെ ‘ഫ്ലൈറ്റ് സ്റ്റാറ്റസ്’ വിഭാഗം സന്ദർശിക്കുക. നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കുകയോ അല്ലെങ്കിൽ മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ, Tia-യിലോ (ചാറ്റ് ബോട്ട്), വാട്സ്ആപ്പിലോ (+91 6360012345) airindiaexpress.com-ലോ യാതൊരു ഫീസും കൂടാതെ മുഴുവൻ റീഫണ്ട് അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് യാത്ര പുനഃക്രമീകരിക്കാം,” എയർഇന്ത്യയുടെ ഔഗ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.