പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. നാല് പേരെ രക്ഷപെടുത്തി. കപ്പലിടിച്ച് തകർന്ന ബോട്ടിൽ നിന്നും കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തു. പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിൻ്റെ ഗഫൂർ (46), പൊന്നാനി അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് സലാം എന്നിവരാണ് മരിച്ചത്.
പൊന്നാനിയിൽ നിന്നും വെള്ളിയായ്ച്ച രാത്രി മത്സ്യബന്ധനത്തിന് പോയ അഴീക്കൽ സ്വദേശി നൈനാറിൻ്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. രാത്രി ഒരു മണിക്കാണ് അപകടം സംഭവിച്ചത്. കരയിൽ നിന്ന് 38 നോർത്ത് 48 ഈസ്റ്റ് അകലെയാണ് യുവരാജ് സാഗർ കപ്പൽ ബോട്ടിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് തകർന്ന് മുങ്ങി. കപ്പലിടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴുകയായിരുന്നു.
മലയാളികളുൾപ്പടെ ആറോളം തൊഴിലാളികളുണ്ടായിരുന്ന ബോട്ടിൽ നിന്ന് അപകട സമയത്ത് നാല് പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. പൊന്നാനിയിൽ നിന്നുള്ള മറ്റു ബോട്ടുകളും മറ്റും തിരച്ചിൽ നടത്തിയിരുന്നു.
കവരത്തിയിൽ നിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോയ കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.