തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്നലത്തെ അതിശക്ത മഴ തുടരാനടക്കമുള്ള സാധ്യതയാണ് ഉള്ളത്. നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ഇന്ന് ഒരു ജില്ലയിലും ഇല്ലെങ്കിലും 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലാണ് നിലവിൽ ജാഗ്രത നിർദ്ദേശിച്ചിട്ടുള്ളത്. ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലുമില്ലെന്നത് തെക്കൻ കേരളത്തിന് ആശ്വാസമാണ്.
3 ജില്ലകളിൽ ഇന്ന് അവധി
മഴ കനത്തതോടെ 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടി, സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നാണ് ജില്ലാ കളക്ടര്‍മാർ അറിയിച്ചിട്ടുള്ളത്.
മൂന്ന് ചക്രവാത ചുഴിയുടെ സാന്നിധ്യവും ന്യൂനമർദ്ദവുമാണ് കേരളത്തിൽ വിശേഷിച്ച് വടക്കൻ കേരളത്തിൽ അതിശക്തമഴയുടെ കാരണമാകുന്നത്. നിലവിലെ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
മഞ്ഞ അലർട്ട്
24-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
25-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
27-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂലൈ 23 മുതൽ 27 വരെ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.