തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകളിലും ഡ്രൈവിങ് ടെസ്റ്റിലും വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന – ഓപ്പറേഷന്‍ സ്റ്റെപ്പിനി യിലാണ് തട്ടിപ്പു പുറത്തുവന്നത്. പലരും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയും ഡ്രൈവിംഗ് സ്‌കൂളുകള്‍ വഴി ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തൃശ്ശൂര്‍ ഇരിങ്ങാലക്കുട ആര്‍ടി ഒ യുടെ കീഴിലെ മൂന്ന് ഡ്രൈവിംഗ് സ്‌കുളുകള്‍ ടെസ്റ്റ് പാസ്സാകുന്നവരില്‍ നിന്നും നാല് ചക്ര വാഹനങ്ങളുടെ ലൈസന്‍സിന് 300 രൂപയും ഇരുചക്ര വാഹന ലൈസന്‍സിന് 250 രൂപ വീതവും കൈക്കൂലി നല്‍കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പരിശോധന നടത്തിയ 60 ടെസ്റ്റു ഗ്രൗണ്ടുകളില്‍ 11 ഇടത്ത് മാത്രമായിരുന്നു ക്യാമറ ഉണ്ടായിരുന്നത്. ക്യാമറ ഗ്രൈണ്ടില്‍ വേണമെന്ന് നിര്‍ബന്ധമുള്ളപ്പോഴാണ് ഈ തട്ടിപ്പ്. ഇവയില്‍ പലതും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാത്തതാണ്. ഇത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നാണ് വിജിലന്‍സിന്റെ സംശയം.
കണ്ണൂര്‍ തോട്ടടയില്‍ ടെസ്റ്റ് ഗ്രൌണ്ടിലും കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആര്‍.ടി ഒ യുടെ ടെസ്റ്റ് ഗ്രൗണ്ടിലും ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ ഗ്രൗണ്ടില്‍ വന്നില്ലെന്നും കണ്ടെത്തി.
തിരുവനന്തപുരം വര്‍ക്കല ജോയിന്റ് ആര്‍ടിഒയുടെ കീഴിലെ ടെസ്റ്റ് ഗ്രൗണ്ടില്‍ ടെസ്റ്റിന് വരുന്നവരില്‍ നിന്നും 15 രൂപ ഭൂമി വാടക ഇനത്തില്‍ പിരിച്ചെടുക്കുന്നതായും പത്തനാപുരം ജോയിന്റ് ആര്‍ടി ഓഫീസിന്റെ കീഴിലെ മാമൂട്ടില്‍ ടെസ്റ്റ് ഗ്രൌണ്ടായി ഉപയോഗിച്ച് വരുന്ന സ്വകാര്യഭൂമിയ്ക്ക് 10 ഡ്രൈവിംഗ് സ്‌കൂളുകാര്‍ ചേര്‍ന്ന് പ്രതിമാസം 12000 രൂപ വാടക നല്‍കുന്നതായും വിജിലന്‍സ് കണ്ടെത്തി.
വാഹനപരിശീലനത്തിന് ഡ്രൈവിംഗ് സ്‌കൂളുകളില്‍ ലൈസന്‍സുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടാകണമെന്ന് നിയമമുള്ളപ്പോള്‍ പല ഡ്രൈവിംഗ് സ്‌കുളുകളിലും മതിയായ യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ ഇല്ല. എറണാകുളം തൃപ്പൂണിത്തുറ സബ് ആര്‍ടിഒയുടെ കീഴിലുള്ള ഡ്രൈവിംഗ് സ്‌കൂളിലെ ഇന്‍സ്‌ട്രെക്ടര്‍ കഴിഞ്ഞ 10 മാസമായി വിദേശത്താണ്. കണ്ണൂര്‍ സൌത്ത് ബസ്സാറിലെ ഡ്രൈവിംഗ് സ്‌കൂള്‍ 2021-ല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
കോട്ടയത്തെ മോട്ടോര്‍ വെഹിക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയുടെ പേരില്‍ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്നുണ്ട്. പത്തനംതിട്ട റാന്നി ജോയിന്റ് ആര്‍.ടി ഒ യുടെ കീഴില്‍ ഇരുചക്ര വാഹന ടെസ്റ്റിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ടെസ്റ്റ് വേളയില്‍ ഓഫാകാതിരിക്കാന്‍ ആക്‌സിലറേറ്ററിന് കീഴില്‍ നട്ടും കണ്ടെത്തി.