ഇടുക്കി: മൂന്നാറിൽ മയക്കുമരുന്ന് സ്റ്റാമ്പും കഞ്ചാവുമായി പിടികൂടിയ പ്രതിക്ക് 11 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. ചടയമംഗലം സ്വദേശിയായ അലീഫ് ഖാനെയാണ് (26) കോടതി ശിക്ഷിച്ചത്. 2023 ജനുവരി 25-ന്, മൂന്നാർ ടോപ് സ്റ്റേഷൻ വേൽമുടി – സൈലൻറ് വാലി റോഡിൽ O.126 മില്ലിഗ്രാം എൽഎസ്ടി സ്റ്റാമ്പും ഏഴ് ഗ്രാം കഞ്ചാവുമായി ദേവികുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.പി. ഷിഹാബും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഇടുക്കി അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ കാർത്തികേയൻ കെ. കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതിയുടെ ജഡ്ജി ഹരികുമാർ കെ. എൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനായി എൻഡിപിഎസ് കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
അതിനിടെ എറണാകുളം കാലടിയിൽ ഒൻപതര കിലോ കഞ്ചാവുമായി 3 പേർ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ ശുമാർ മണ്ഡൽ, അബ്ദുൾ അസീസ്, പെരുമ്പാവൂർ പാനിപ്ര സ്വദേശി ഷംസുദീൻ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും കാലടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. ഓട്ടോറിക്ഷയിൽ കഞ്ചാവുമായി എത്തിയ പ്രതികളെ കാലടി ടൗണിൽ വച്ചാണ് പിടികൂടിയത്.