തൃശൂര്‍: പൊലീസ് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ കാപ്പ് പ്രതിയടക്കം മൂന്ന് പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് സ്വദേശിയായ അക്ഷയ് (24), ഒരുമനയൂർ സ്വദേശിയായ നിതുല്‍ (25), വടക്കേകാട് കല്ലൂർ സ്വദേശിയായ പ്രദീപ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൂന്നു പേരും ബൈക്കിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ട പോലീസുകാരൻ ചോദ്യം ചെയ്തപ്പോൾ, അവർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന്, വാഹനത്തിന്റെ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ, അഞ്ഞൂർ നമ്പീശൻ പടിയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. പിടികൂടാൻ എത്തിയ പോലീസുകാർക്ക് നേരെയും ഇവർ കത്തി കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് ധൈര്യത്തോടെ ഇവരെ കീഴടക്കുകയായിരുന്നു. ജില്ലയിൽ പ്രവേശന വിലക്കുള്ള കാപ്പ കേസിലെ പ്രതിയാണ് അക്ഷയ്. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിതുലും ചാവക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. ഗുരുവായൂർ പൊലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണന്റെ നിർദ്ദേശപ്രകാരം എസ്.ഐ. അനുരാജും സംഘവും ഇവരെ അറസ്റ്റ് ചെയ്തു.