തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്തിൽ കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ 2 വയസ്സുകാരിയായ മകൾ ദേവേന്ദു ആണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കുട്ടി കാണാതായതിനെക്കുറിച്ച് പരാതി ലഭിച്ചിരുന്നു, ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു വിവരം. തുടർന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, കുട്ടിയെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
ഫയർഫോഴ്‌സ് സംഘം കിണറ്റിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. കുട്ടി തനിയെ കിണറ്റിലേക്ക് വീഴാൻ സാധ്യതയില്ലെന്നും, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എം. വിൻസെന്റ് എംഎൽഎ പറഞ്ഞു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഒരു വ്യക്തിയെ ചോദ്യം ചെയ്യുന്നതായും നെയ്യാറ്റിൻകര ഡിവൈഎസ്‌പി അറിയിച്ചു.
കൈവരികളുള്ള കിണറാണെന്നും, കുട്ടി തനിയെ വീഴാൻ സാധ്യതയില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു. രാവിലെ വിവരം അറിഞ്ഞ ഉടൻ തന്നെ ഇവിടേക്ക് എത്തിയതായും, ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്‌സും കിണറ്റിൽ പരിശോധന നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടി കാണാതായ സമയത്ത്, അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചെയ്യുന്നു.
തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചതിന് ശേഷം കുഞ്ഞിനെ കാണാതായ വിവരം വീട്ടുകാർക്ക് അറിയിച്ചതായി എം. വിന്‍സെന്റ് എംഎൽഎ പറഞ്ഞു. പുലർച്ചെ 5.30ന് കുട്ടി കരഞ്ഞ ശബ്ദം കേട്ടിരുന്നുവെന്നും, കുട്ടി അമ്മയുടെ സഹോദരന്റെ മുറിയിലുണ്ടായിരുന്നുവെന്നും അമ്മ വ്യക്തമാക്കി. വിന്‍സെന്റ് എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും, അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടായതിനാൽ, പൊലീസ് സംശയിക്കുന്നയാളെ ചോദ്യം ചെയ്യുകയാണെന്ന് അവർ പറഞ്ഞു.