തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോൺ പ്രഖ്യാപിച്ചു.
അതേസമയം, ഡയസ്നോൺ പ്രഖ്യാപിച്ച പണിമുടക്ക് തടയാനുള്ള ശ്രമം ഫലപ്രദമാകില്ലെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി എസ് ശിവകുമാർ എന്നിവർ അറിയിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അവർ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ സമരം ഗണ്യമായി ബാധിച്ചിരിക്കുകയാണ്. രാവിലെ മലപ്പുറം ഡിപ്പോയിൽ 13 സർവീസുകൾ നടത്തേണ്ടതിൽ ആറ് മാത്രമാണ് പ്രവർത്തിച്ചത്. നിലമ്പൂർ, പൊന്നാനി, പെരിന്തൽമണ്ണ ഡിപ്പോകളിലും ഭാഗികമായി സർവീസ് മുടങ്ങിയിട്ടുണ്ട്. എന്നാൽ, കോഴിക്കോട് ജില്ലയിലെ ഡിപ്പോകളിൽ ഇതുവരെ സർവീസ് മുടക്കിയിട്ടില്ല. സമരത്തെ നേരിടാൻ കെഎസ്ആർടിസി അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. കൂടാതെ, കൂടുതൽ തത്കാലിക ജീവനക്കാരോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.