മലപ്പുറം: ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങി. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധ ഉദ്യാനത്തിൽ അശോകമര തൈ നട്ടതിനുശേഷമാണ് രാഹുൽ മടങ്ങിയത്. ഈ മാസം ഇരുപത്തിയൊന്നാം തീയതി ആയിരുന്നു രാഹുൽ ചികിത്സകൾക്കായി കോട്ടയ്ക്കൽ എത്തിയത്. കാൽ മുട്ട് വേദനയ്ക്കായിരുന്നു ചികിത്സ.
ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ നിന്നാണ് രാഹുൽ ഡൽഹിയിലേക്ക് തിരിക്കുക.ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിക്ക് കാൽ മുട്ടു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കോട്ടക്കലിൽ ചികിത്സയ്ക്ക് എത്തിയത്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷമായിരുന്നു രാഹുൽ ഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തിയത്. ചികിത്സയിലിരിക്കേ മലപ്പുറത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം എംടി വാസുദേവൻ നായരേയും രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന‍്റെ ദൃശ്യങ്ങളും അദ്ദേഹം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.